
ദോഹ: നോർക്ക റൂട്ട്‌സിന്റെ 'നോർക്ക കെയർ' ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി പുതുക്കുന്നതിന് അനുവദിച്ച സമയപരിധി തീരെ കുറവാണെന്ന് ചൂണ്ടിക്കാട്ടി പ്രവാസികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ വർഷം നവംബർ ഒന്നു മുതൽ ഒരു വർഷത്തേക്ക് ഇൻഷുറൻസിൽ അംഗങ്ങളായവർക്ക് പോളിസി പുതുക്കാൻ അനുവദിച്ചിരിക്കുന്നത് ഒക്ടോബർ 25 മുതൽ 31 വരെയുള്ള വെറും ആറു ദിവസങ്ങൾ മാത്രമാണ്.
ഇത്രയും ചുരുങ്ങിയ സമയംകൊണ്ട് വലിയ തുക കണ്ടെത്തി ഇൻഷുറൻസ് പുതുക്കുക പ്രവാസികൾക്ക് ബുദ്ധിമുട്ടാണെന്ന് പ്രവാസി സംഘടനകളും പൊതുപ്രവർത്തകരും വ്യക്തമാക്കുന്നു. തൊഴിൽ മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയും ശമ്പളം വൈകുന്നതും കാരണം വലിയ തുക കണ്ടെത്താൻ പ്രയാസപ്പെടുന്നതിനാൽ, പോളിസി പുതുക്കാനുള്ള സമയപരിധി ഒന്നോ രണ്ടോ മാസമായി ഉയർത്തണമെന്നാണ് പ്രവാസികളുടെ പ്രധാന ആവശ്യം.
കൂടാതെ, നോർക്ക കെയർ പ്ലസ് തുടങ്ങി വിവിധ ഇൻഷുറൻസ് പദ്ധതികളുടെ സമയപരിധിയിലെ കണിശത സുതാര്യതയെ ബാധിക്കുന്നുണ്ടെന്നും പ്രവാസികൾ ആരോപിക്കുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവർക്കായി നോർക്ക റസിഡൻ്റ് ഐ.ഡി കാർഡ് പദ്ധതിയിൽ അനുവദിച്ചിരുന്ന അടിയന്തര അപകട മരണ സഹായ ഫണ്ട് ഒഴിവാക്കിയതിലും പ്രവാസികൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. 200 രൂപ രജിസ്ട്രേഷൻ ഫീസ് ഈടാക്കുന്ന ഈ കാർഡ് ഉടമകൾക്ക് കുറഞ്ഞത് ഒരു ലക്ഷം രൂപയുടെയെങ്കിലും അപകട സഹായം അനുവദിക്കണമെന്നും പ്രവാസികൾ ആവശ്യപ്പെടുന്നു.










