05:05am 30 April 2026
NEWS
ഓൺലൈൻ വ്യാപാരത്തിന് നിയന്ത്രണം വേണം: രാജു അപ്സര
29/04/2026  06:07 PM IST
nila
ഓൺലൈൻ വ്യാപാരത്തിന് നിയന്ത്രണം വേണം: രാജു അപ്സര

ചെങ്ങന്നൂർ: കേരളം യഥാർഥത്തിൽ വ്യാപാര സൗഹൃദമാകണമെങ്കിൽ കുത്തക ഭീമന്മാരായ ഓൺലൈൻ വ്യാപാര പ്ലാറ്റ്‌ഫോമുകൾക്ക് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെങ്ങന്നൂർ യൂണിറ്റ് ദ്വൈവാർഷിക പൊതുസമ്മേളനവും തെരഞ്ഞെടുപ്പ് യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
​സംസ്ഥാനത്ത് ഏകദേശം 20 ലക്ഷത്തോളം പേർ സ്വയംതൊഴിൽ കണ്ടെത്തുന്ന മേഖലയാണിത്. തൊഴിലാളികൾ ഉൾപ്പെടെ ഒന്നരക്കോടിയോളം പേരുടെ ഉപജീവനമാർഗമായ വ്യാപാര മേഖല നിലനിന്നു പോകണമെങ്കിൽ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ കടന്നുകയറ്റത്തിന് അറുതി വരുത്തണം. പീടിക തൊഴിലാളികൾ, കയറ്റിറക്ക് മേഖലയിലുള്ളവർ, ചരക്ക് വാഹന ജീവനക്കാർ എന്നിങ്ങനെ വലിയൊരു വിഭാഗം ഈ മേഖലയെ ആശ്രയിച്ചാണ് കഴിയുന്നത്. വ്യാപാര രംഗം തകർന്നാൽ തൊഴിലില്ലായ്മ രൂക്ഷമായ കേരളത്തിന് അത് താങ്ങാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
​യൂണിറ്റ് പ്രസിഡന്റ് ജേക്കബ് വി. സ്കറിയ  അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ റഷീദ് പടിപ്പുരക്കൽ, അമ്പിളി അനിൽ, വേണുഗോപാലക്കുറുപ്പ്, യൂണിറ്റ് ഭാരവാഹികളായ അനസ് പൂവാലംപറമ്പിൽ, രഞ്ജിത്ത് ഖാദി, ആനന്ദകുമാർ, പ്രതിപാൽ, ടി.കെ. ഗോപിനാഥൻ നായർ എന്നിവർ പ്രസംഗിച്ചു.
​പുതിയ ഭാരവാഹികൾ 
2026-28 കാലയളവിലേക്കുള്ള ഭാരവാഹികളായി ജേക്കബ് വി. സ്കറിയ (പ്രസിഡന്റ്), അനസ് പൂവാലംപറമ്പിൽ (സീനിയർ വൈസ് പ്രസിഡന്റ്), രത്നകുമാർ, ജോർജ് പി. ജേക്കബ്, എം.ജെ. വർഗീസ് (വൈസ് പ്രസിഡന്റുമാർ), രഞ്ജിത്ത് ഖാദി (ജനറൽ സെക്രട്ടറി),പി.സി. അനിൽകുമാർ , ജയൻ ലുക്ക്മി, ജീലാനി, ബാബു കലൂത്ര (സെക്രട്ടറിമാർ), സുധീഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ ട്രഷറർ ജേക്കബ് ജോൺ റിട്ടേണിംഗ് ഓഫീസറായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.