01:08am 30 April 2026
NEWS
വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ യോഗത്തിനിടെ പോൺ വിഡിയോ പ്രദർശനം; പൊലീസ് കേസെടുത്തു

12/08/2025  04:20 PM IST
nila
വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ യോഗത്തിനിടെ പോൺ വിഡിയോ പ്രദർശനം; പൊലീസ് കേസെടുത്തു

വിദ്യാഭ്യാസ വകുപ്പിൻറെ ഓൺലൈൻ യോഗത്തിനിടെ പോൺ വിഡിയോ പ്രദർശനവും അധിക്ഷേപ പരാമർശവും. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചി‌ലാണ് സംഭവം. ജില്ലാ മജിസ്ട്രേറ്റ് സന്തോഷ് കുമാർ ശർമ്മ, ജില്ലാ ബ്ലോക്ക് തല വിദ്യാഭ്യാസ ഓഫിസർമാർ, പ്രധാന അധ്യാപകർ എന്നിവർക്കുപുറമേ പൊതുജനങ്ങളും പങ്കെടുത്ത യോഗത്തിലാണ് അപ്രതീക്ഷിതമായി അശ്ലീല വീഡിയോ പ്രദർശിപ്പിച്ചത്.  ‘ജേസൺ ജൂനിയർ’ എന്ന പേരിൽ യോ​ഗത്തിൽ പങ്കെടുത്ത ഒരാളാണ് അശ്ലീല വീഡിയോ ഷെയർ ചെയ്തത്. 

സ്കൂളുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊതുജനങ്ങളും ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനും തമ്മിൽ നേരിട്ട് ആശയവിനിമയം നടത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഓൺലൈൻ യോഗം വിളിച്ചുചേർത്തത്. ഇതിനിടെയാണ്  ‘ജേസൺ ജൂനിയർ’ തൻറെ സ്‌ക്രീൻ പങ്കിടുകയും ഒരു അശ്ലീല വീഡിയോ പ്ലേ ചെയ്യുകയും ചെയ്തത്. തുടർന്ന് ഉദ്യോഗസ്ഥർ സെഷനിൽ നിന്ന് ഇറങ്ങിപ്പോയി. അതിനിടെ ‘അർജുൻ’ എന്ന പേരിലുള്ള ഉപയോക്താവ് അധിക്ഷേപപരമായ പരാമർശങ്ങൾ നടത്താൻ തുടങ്ങുകയും ചെയ്തു. 

സംഭവത്തെത്തുടർന്ന് കോട്‌വാലി പോലീസ് സ്റ്റേഷനിൽ വിദ്യാഭ്യാസ ഓഫിസർ റിദ്ധി പാണ്ഡെ പരാതി നൽകി. സൈബർ പൊലീസിന്റെ സഹായത്തോടെ കുറ്റവാളികൾക്കായി അന്വേഷണം ആരംഭിച്ചു. ബിഎൻഎസ് സെക്ഷൻ 221 (പൊതുപ്രവർത്തകന്റെ കർത്തവ്യ നിർവ്വഹണത്തിൽ തടസ്സം), 352 (മനപ്പൂർവ്വം അപമാനിക്കൽ), 67എ ഐടി ആക്ട് 2000 (ഇലക്ട്രോണിക് രൂപത്തിൽ ലൈംഗികത പ്രകടമാക്കുന്ന പ്രവൃത്തികൾ അടങ്ങിയ മെറ്റീരിയൽ കൈമാറൽ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img