
ദോഹ : ബാങ്ക് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പു ശ്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ജാഗ്രത പാലിക്കണമെന്ന് ഖത്തർ കമേഴ്‌സ്യൽ ബാങ്ക് മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കൾക്ക് അയച്ച ഇ-മെയിലിലാണ് ബാങ്ക് ഈ നിർദേശം നൽകിയത്.
ഖത്തർ പോലീസിന്റെ യൂണിഫോമും ലോഗോയുമുപയോഗിച്ച് ഗൂഗിൾ മീറ്റ് വഴി ബന്ധപ്പെടുന്നതാണ് തട്ടിപ്പുകാരുടെ പുതിയ രീതി. വീഡിയോ കോളിൽ ഖത്തർ പോലീസിൽ നിന്നാണെന്ന വ്യാജ അവകാശവാദവുമായി അവർ സംസാരിക്കും. നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയതായും അത് ഒഴിവാക്കാൻ ഉടനെ പണം അടയ്ക്കണമെന്നും ആവശ്യപ്പെടും.
വ്യാജ പോലീസ് വേഷം, ബാഡ്ജുകൾ, നെയിം ടാഗുകൾ എന്നിവ ഉപയോഗിച്ച് വിശ്വാസ്യത സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ, ഭീഷണിപ്പെടുത്തുന്ന ശൈലിയിലാണ് സംഭാഷണം. സാഹചര്യം ചൂഷണം ചെയ്ത് ഇരകളിൽ നിന്ന് ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് നമ്പർ, കാലഹരണ തീയതി, സിവിവി, പിൻ, ഒ.ടി.പി എന്നിവ ചോദിച്ചെടുക്കും.
ഇര കോളിൽ സംസാരിക്കുന്നതിനിടെ തന്നെ ഈ വിവരങ്ങൾ ഉപയോഗിച്ച് അക്കൗണ്ടിൽ നിന്നുള്ള പണം തട്ടിപ്പുകാർ കൈക്കലാക്കുന്നതായി ബാങ്ക് മുന്നറിയിപ്പ് നൽകി.











