
കോഴിക്കോട്: സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ‘ഒരു രൂപ നോട്ട് കൊണ്ടുവരൂ, സൗജന്യ സമ്മാനം നേടൂ’ എന്ന ഓഫർ കട ഉദ്ഘാടന ദിവസം വലിയ തിരക്കിനും സംഘർഷാവസ്ഥക്കും ഇടയാക്കി. സംഭവത്തെ തുടർന്ന് കടയുടമക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വൈക്കം മുഹമ്മദ് ബഷീർ റോഡിലെ പുതിയ കടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ഈ ഓഫർ പ്രഖ്യാപിച്ചത്. ഒരു രൂപയുടെ നോട്ട് കൊണ്ടുവരുന്ന ആദ്യ നൂറുപേർക്കു ഷൂസും പിന്നീട് എത്തുന്ന നൂറുപേർക്കു ഏകദേശം 2000 രൂപ വിലവരുന്ന വാച്ചും നൽകുമെന്നായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ച പരസ്യം.
ഓഫർ വൈറലായതോടെ പുലർച്ചെ മൂന്ന് മണിമുതൽ തന്നെ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ കടയ്ക്കു മുന്നിൽ എത്തി. രാവിലെ പത്ത് മണിക്ക് കട തുറന്നയുടൻ തന്നെ സമ്മാനം നേടാൻ യുവാക്കൾ കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
സ്ഥിതി നിയന്ത്രണാതീതമാകുമെന്ന് മനസിലാക്കിയ കടയുടമ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും തിരക്കേറിയ ജനക്കൂട്ടം പിരിഞ്ഞുപോകാൻ തയ്യാറായില്ല. ഒടുവിൽ സ്ഥിതി നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തേണ്ടിവന്നു.
ലാത്തിച്ചാർജിനിടെ ഓടിമാറുന്നതിനിടെ ചിലർ വീണ് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഒരു രൂപ നോട്ടിനൊപ്പം പ്രത്യേക കൂപ്പൺ കൂടി കൊണ്ടുവരുന്നവർക്കു മാത്രമാണ് ഓഫർ ലഭ്യമാകുന്നതെന്ന് കടയുടമ വിശദീകരിച്ചെങ്കിലും തിരക്കിനിടെ അത് ഫലപ്രദമായില്ല.
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ആളുകളെ കൂട്ടിച്ചേർക്കുകയും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാതിരിക്കുകയും ചെയ്തതിനാൽ കടയുടമക്കെതിരെ പൊലീസ് കേസ് എടുത്തതായി അധികൃതർ അറിയിച്ചു.











