
മലപ്പുറം: മുസ്ലിം ലീഗിൽ 'ഒരാൾക്ക് ഒരു പദവി' എന്ന സംഘടനാ നയം പൂർണമായി നടപ്പാക്കാൻ നേതൃത്വം തീരുമാനിച്ചു. ജനപ്രതിനിധികളായ മന്ത്രിമാരും എം.എൽ.എമാരും എം.പി.മാരും ഉൾപ്പെടെ പാർട്ടിയിലെയും പോഷക സംഘടനകളിലെയും ഭാരവാഹിത്വങ്ങൾ ഒഴിയണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃയോഗത്തിൽ നിർദേശം നൽകി.
ജനപ്രതിനിധികൾ ഭരണപരവും നിയമനിർമാണപരവുമായ ഉത്തരവാദിത്വങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സംഘടനാ ചുമതലകൾ പുതിയ നേതാക്കൾക്ക് കൈമാറി കൂടുതൽ പേർക്ക് അവസരം ഒരുക്കണമെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സംസ്ഥാന ഭാരവാഹിസ്ഥാനം ഒഴിയുന്നവരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായി തുടരാൻ അനുവദിക്കും.
ഇതിനുമുമ്പ് തന്നെ സംസ്ഥാന കമ്മിറ്റി ഇതുസംബന്ധിച്ചുള്ള സർക്കുലർ പുറത്തിറക്കിയിരുന്നെങ്കിലും എം.പി.മാരും എം.എൽ.എമാരും പാർട്ടി പദവികളിൽ തുടരുകയായിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർക്കും ഉപാധ്യക്ഷന്മാർക്കും സ്ഥിരംസമിതി അധ്യക്ഷന്മാർക്കും ഈ മാനദണ്ഡം ഭാഗികമായി നടപ്പാക്കിയിരുന്നു. ഇപ്പോഴാണ് എല്ലാ തലങ്ങളിലും തീരുമാനം കർശനമായി നടപ്പാക്കാൻ നേതൃത്വം വീണ്ടും നിർദേശം നൽകിയത്.
എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് അടുത്തിടെ പദവി ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ മറ്റ് നേതാക്കളും സംഘടനാ സ്ഥാനങ്ങൾ ഒഴിയുമെന്നാണ് സൂചന.
നിലവിൽ അഞ്ച് ലീഗ് മന്ത്രിമാരിൽ നാല് പേർ വിവിധ പാർട്ടി ചുമതലകൾ വഹിക്കുന്നുണ്ട്. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വി.ഇ. അബ്ദുൽഗഫൂർ എന്നിവരും പദവി ഒഴിയേണ്ടവരുടെ കൂട്ടത്തിലുണ്ട്.
അതുപോലെ, എം.എൽ.എമാരായ ആബിദ് ഹുസൈൻ തങ്ങൾ, പാറക്കൽ അബ്ദുള്ള, കല്ലട്ര മാഹിൻ, എം.എ. റസാഖ്, അഡ്വ. എം. റഹ്‌മത്തുള്ള, പി.കെ. ഫിറോസ്, ടി.പി. അഷ്‌റഫലി, ഫാത്തിമ തഹിലിയ എന്നിവർ ഉൾപ്പെടെ നിരവധി നേതാക്കൾ വിവിധ സംഘടനാ ചുമതലകൾ വഹിക്കുന്നുണ്ട്. യു.ഡി.എഫ് സർക്കാരിന്റെ ഭാഗമായി പുതുതായി പദവി ലഭിച്ചവരും മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിതരായവരും ഈ തീരുമാനത്തിന്റെ ഭാഗമായി സംഘടനാ പദവികൾ ഒഴിയേണ്ടി വരുമെന്നാണ് വിലയിരുത്തൽ.











