
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവു കേസിൽ അന്വേഷണം സിനിമാ മേഖലയിലേക്കും. നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ തിങ്കളാഴ്ച്ച എക്സൈസ് സംഘം ചോദ്യം ചെയ്യും. ഇതിനായി ഇരുവർക്കും അന്വേഷണ സംഘം നോട്ടീസ് നൽകി. അന്വേഷണ പരിധിയിലേക്ക് മറ്റൊരു നടൻകൂടി എത്തുമെന്നാണ് വിവരം.
ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവെത്തിച്ചത് മറ്റൊരു നടനുവേണ്ടിയാണെന്ന് ഷൈൻ ടോം ചാക്കോ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലിൽനിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പൊലീസ് ചോദ്യം ചെയ്യവേയാണ് ഷൈൻ ടോം ചാക്കോ ഇക്കാര്യം പറഞ്ഞത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ വേണ്ടികൂടിയാണ് ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യുന്നത്.
ഷൈൻ പരാമർശിച്ച നടൻ എക്‌സൈസ് നിരീക്ഷണത്തിലാണ്. മൊഴിയിൽ സത്യമുണ്ടെന്നു വ്യക്തമായാൽ നടനെയും വിളിപ്പിക്കും. ആലപ്പുഴക്കാരനല്ലാത്ത നടനെയാണ് സംശയിക്കുന്നത്. ഓമനപ്പുഴയിലെ റിസോർട്ടിൽനിന്ന് കഞ്ചാവുമായി പിടിയിലായ തസ്ലിമാ സുൽത്താന (ക്രിസ്റ്റീന), ഷൈനിനെയും ശ്രീനാഥ് ഭാസിയെയും പരിചയമുണ്ടെന്നു സമ്മതിച്ചിരുന്നു. ഇവരുമായുള്ള ഫോൺവിളികളും ചാറ്റുകളും കണ്ടെത്തുകയും ചെയ്തു. ശ്രീനാഥ് ഭാസിയുമായാണ് തസ്ലിമ കൂടുതൽ ബന്ധപ്പെട്ടത്. കഞ്ചാവ് ഇടപാടു സംബന്ധിച്ച് തെളിവു കിട്ടിയില്ലെങ്കിലും ചാറ്റുകൾ സംശയകരമായതിനാലാണ് ചോദ്യംചെയ്യുന്നത്.
ശേഖരിച്ചുവെക്കുന്നതിനായാണ് ആലപ്പുഴയിലേക്ക് മൂന്നുകിലോ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രതികൾ എക്‌സൈസിനോടു പറഞ്ഞത്. എന്നാൽ, വിൽക്കുന്നതിനാണെന്നാണ് എക്‌സൈസ് കരുതുന്നത്. ആറുകിലോ ഹൈബ്രിഡ് കഞ്ചാവാണ് വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്നത്. അതിൽ മൂന്നുകിലോയാണ് ആലപ്പുഴയിൽനിന്നു പിടിച്ചത്. ബാക്കി മൂന്നുകിലോ എവിടെയെന്നതു വ്യക്തമല്ല. എക്‌സൈസ് കസ്റ്റഡിയിലുള്ള പ്രതികളെ വ്യാഴാഴ്ച വൈകീട്ട് കോടതിയിൽ ഹാജരാക്കും.











