09:56pm 03 October 2026
NEWS
ഭൂമി തരംമാറ്റ നടപടികൾ റവന്യൂ ഉദ്യോഗസ്ഥർക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു
03/10/2026  08:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഭൂമി തരംമാറ്റ നടപടികൾ റവന്യൂ ഉദ്യോഗസ്ഥർക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു
HIGHLIGHTS

ഭൂമി തരം മാറ്റത്തിന്റെ നടപടിക്രമങ്ങളെ കുറിച്ചുള്ള ഏകദിന പരിശീലന ക്ലാസ് അഡ്വക്കേറ്റ് ജനറൽ കെ.ജെജു ബാബു ഉത്‌ഘാടനം ചെയ്യുന്നു.  ലാൻഡ് റെവന്യൂ ജോയിന്റ് കമ്മീഷണർ റെജിലാൽ,ജില്ലാ കളക്ടർ ജി.പ്രിയങ്ക, ,അഡിഷണൽ അഡ്വക്കേറ്റ് ജനറൽ കെ.സി.വിൻസെന്റ്,കേരള സ്റ്റേറ്റ് അറ്റോർണി അഡ്വക്കേറ്റ് അനൂപ് വി.നായർ  എന്നിവർ സമീപം.

ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട നിയമപരവും നടപടിക്രമപരവുമായ വിഷയങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥർക്ക് സമഗ്രമായ അവബോധവും വ്യക്തതയും ഉറപ്പാക്കുന്നതിനായി റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടി കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ. ജാജു ബാബു ഉദ്ഘാടനം ചെയ്തു. കൊച്ചിയിലെ അഡ്വക്കേറ്റ് അസോസിയേഷൻ ഗോൾഡൻ ജൂബിലി ചേംബർ കോംപ്ലക്സിലെ എം.കെ.ഡി ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ്  സി. ജയചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ആമുഖ സെഷൻ ശ്രദ്ധേയമായി.ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങൾ, പ്രസക്തമായ കോടതി ഉത്തരവുകൾ, നിയമവ്യവസ്ഥകളുടെ പ്രായോഗിക പ്രയോഗം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ആമുഖ സെഷൻ. റവന്യൂ ഉദ്യോഗസ്ഥർക്ക് വിഷയത്തിൽ കൂടുതൽ നിയമപരമായ അവബോധവും വ്യക്തതയും നൽകുന്നതിനും അപേക്ഷകൾ പരിഗണിക്കുന്നതിൽ ഏകീകൃത സമീപനം ഉറപ്പാക്കുന്നതിനും സെഷൻ സഹായകമായി.

ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട നിയമപരവും നടപടിക്രമപരവുമായ വശങ്ങളെക്കുറിച്ച് നടന്ന സംവാദാത്മക സെഷനിൽ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ.സി. വിൻസെന്റ് വിശദമായ ക്ലാസ് നയിച്ചു. നിയമപരമായ നടപടിക്രമങ്ങൾ, അപേക്ഷകൾ പരിഗണിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പൊതുവായി കണ്ടുവരുന്ന അപാകതകൾ, പ്രസക്തമായ കോടതി ഉത്തരവുകൾ തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം വിശദീകരിച്ചു. ഉദ്യോഗസ്ഥരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും വിഷയങ്ങളിലുള്ള പ്രായോഗിക വശങ്ങൾ വിശദീകരിക്കുകയും ചെയ്ത സെഷൻ ഏറെ പ്രയോജനകരമായി.

ഉച്ചയ്ക്കുശേഷം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിലെ (ILDM) ഫാക്കൽറ്റി ജോർജ് ജോസഫ് ഭൂമി തരംമാറ്റ നടപടിക്രമങ്ങളെക്കുറിച്ചുള്ള സാങ്കേതിക പരിശീലന ക്ലാസ് നയിച്ചു. നടപടിക്രമങ്ങളുടെ വിവിധ ഘട്ടങ്ങളും ബന്ധപ്പെട്ട സാങ്കേതിക വശങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു ക്ലാസ്.

ഭൂമി തരംമാറ്റ അപേക്ഷകൾ നിയമാനുസൃതമായും സുതാര്യമായും ഏകീകൃതമായും സമയബന്ധിതമായും കൈകാര്യം ചെയ്യുന്നതിനും നടപടിക്രമങ്ങളിലെ അപാകതകളും കാലതാമസവും ഒഴിവാക്കുന്നതിനും റവന്യൂ ഉദ്യോഗസ്ഥരുടെ അറിവും കാര്യക്ഷമതയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ജില്ലാ കളക്ടർ ജി  പ്രിയങ്ക   അധ്യക്ഷത വഹിച്ചു. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ ഡോ. എം.സി. റജിൽ ഐ.എ.എസ്. സ്വാഗതം ആശംസിച്ചു. അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ.സി. വിൻസെന്റ്, സ്റ്റേറ്റ് അറ്റോർണി അഡ്വ. അനൂപ് വി. നായർ എന്നിവർ ആശംസകൾ നേർന്നു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്  കെ.മനോജ്  നന്ദി രേഖപ്പെടുത്തി.വിവിധ ജില്ലകളിൽ നിന്നുള്ള റവന്യൂ ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img