
ഗാസിയാബാദ്: വിവാഹച്ചടങ്ങിനിടെ കോടിക്കണക്കിന് രൂപയുടെ സ്ത്രീധനം പരസ്യമായി പ്രഖ്യാപിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിന് ഇടയാക്കി. വരന്റെ കുടുംബത്തിന് നൽകിയ ആഡംബര സമ്മാനങ്ങളുടെ വിവരങ്ങൾ ഒരാൾ പ്രഖ്യാപിക്കുന്നതാണ് വൈറലായ ദൃശ്യങ്ങളിലുള്ളത്. ഒരു ബിഎംഡബ്ല്യു കാറിനൊപ്പം ഒരു കോടി ഒരു ലക്ഷത്തി പതിനൊന്നായിരം രൂപയും സമ്മാനമായി നൽകിയതായി വീഡിയോയിൽ പറയുന്നുണ്ട്. പ്രഖ്യാപനം കേട്ട് ചടങ്ങിൽ പങ്കെടുത്തവരുടെ ആവേശപ്രകടനവും ദൃശ്യങ്ങളിൽ കാണാം. സ്ത്രീധന നിരോധന നിയമം നിലവിലുണ്ടായിരിക്കെ ഇത്തരം കാഴ്ചകൾ ഇപ്പോഴും സമൂഹത്തിൽ തുടരുന്നതിനെതിരെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തി.
1961-ലെ സ്ത്രീധന നിരോധന നിയമപ്രകാരം സ്ത്രീധനം നൽകുന്നതും സ്വീകരിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം കേസുകളിൽ തടവും പിഴയും വരെ ലഭിക്കാമെന്നിരിക്കെ, സമൂഹത്തിൽ ഇതിന് ഇപ്പോഴും അംഗീകാരം ലഭിക്കുന്നതെങ്ങനെ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അതേസമയം, വീഡിയോയുടെ യാഥാർഥ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
‘യുവ ആസ്’ എന്ന എക്സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിച്ചത്. മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിന് ആളുകൾ വീഡിയോ കണ്ടു. പെൺകുട്ടിയുടെ കുടുംബം വരന്റെ വീട്ടുകാർക്ക് ഇത്രയും വൻതുകയും വിലകൂടിയ കാറും നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണെന്നാണ് പലരുടെയും വിമർശനം.
മകളുടെ ഭാവിക്കായി ആ പണം ഉപയോഗിക്കാമായിരുന്നുവെന്ന് ചിലർ ചൂണ്ടിക്കാട്ടി. മകളുടെ പേരിൽ സ്വത്ത് വാങ്ങുകയോ ബിസിനസ് ആരംഭിക്കുകയോ ചെയ്യുന്നതിനുപകരം സ്ത്രീധനമായി പണം നൽകുന്നത് എന്തിനാണെന്ന ചോദ്യവും ഉയർന്നു. ഇസ്ലാം മതത്തിൽ നിരോധിച്ചിട്ടുള്ള കാര്യങ്ങളെ പരസ്യമായി ആഘോഷിക്കുന്നതിലെ വൈരുദ്ധ്യത്തെയും ചിലർ വിമർശിച്ചു. മറുവശത്ത്, മകൾക്കും മരുമകനും സമ്മാനങ്ങൾ നൽകുന്നതിൽ തെറ്റില്ലെന്നും, അത് ആഘോഷപരമായി പ്രദർശിപ്പിച്ചതാണ് വിവാദമായതെന്നും മറ്റുചിലർ അഭിപ്രായപ്പെട്ടു.
സാധാരണ കുടുംബങ്ങൾക്ക് വിവാഹച്ചെലവുകൾ വലിയ ഭാരമാകുന്ന സാഹചര്യത്തിൽ, ഇത്തരം ആഡംബര സ്ത്രീധന പ്രദർശനങ്ങൾ സമൂഹത്തിൽ തെറ്റായ സമ്മർദ്ദം സൃഷ്ടിക്കുന്നുവെന്ന ആശങ്കയും സോഷ്യൽ മീഡിയയിൽ ശക്തമായി ഉയരുന്നുണ്ട്.










