
ദോഹ: ലോകത്തിലെ ഏറ്റവും വലിയ ആയോധനകല (മാർഷൽ ആർട്സ്) സംഘടനയായ 'വൺ ചാമ്പ്യൻഷിപ്പും' (ONE Championship) ഖത്തർ ടൂറിസത്തിന്റെ വിപണന വിഭാഗമായ 'വിസിറ്റ് ഖത്തറും' തമ്മിലുള്ള പങ്കാളിത്ത കരാർ മൂന്ന് വർഷത്തേക്ക് കൂടി പുതുക്കി. 2027 മാർച്ച് മുതൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ പോരാട്ടങ്ങൾ വീണ്ടും ഖത്തറിന്റെ മണ്ണിലെത്തും.
2024-ൽ നടന്ന 'വൺ 166', 2025-ലെ 'വൺ 171' എന്നീ വമ്പൻ ടൂർണമെന്റുകളുടെ അഭൂതപൂർവ്വമായ വിജയത്തിന് പിന്നാലെയാണ് ഇരു സ്ഥാപനങ്ങളും തമ്മിലുള്ള കരാർ നീട്ടിയത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എം.എം.എ (MMA), മുവായ് തായ്, കിക്ക് ബോക്സിങ്, സബ്മിഷൻ ഗ്രാപ്ലിങ് തുടങ്ങി വിവിധ കായിക വിഭാഗങ്ങളിലായി ലോക ചാമ്പ്യൻഷിപ്പ് പോരാട്ടങ്ങൾ ഖത്തറിൽ നടക്കും. മധ്യപൂർവേഷ്യയിലെ വളർന്നുവരുന്ന കായികതാരങ്ങൾക്കൊപ്പം ആഗോള രംഗത്തെ സൂപ്പർ താരങ്ങളും ഈ ചാമ്പ്യൻഷിപ്പുകളിൽ അണിനിരക്കും.
തുടർച്ചയായ കായിക മാമാങ്കങ്ങൾ ഖത്തറിലേക്ക് എത്തുന്നതോടെ കൂടുതൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കാനും ആഗോളതലത്തിൽ വൻ മാധ്യമശ്രദ്ധ നേടാനും സാധിക്കുമെന്ന് കരുതപ്പെടുന്നു. കായികരംഗത്തെ മുൻനിര ആഗോള കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കാൻ ഇത് സഹായകരമാകും.
പുതിയ കരാറിന്റെ ഭാഗമായുള്ള ആദ്യ പോരാട്ടം 2027 മാർച്ച് 26-ന് ദോഹയിലെ അസ്പയർ ഡോമിൽ (Aspire Dome) അരങ്ങേറും. ടിക്കറ്റ് വിൽപ്പനയെക്കുറിച്ചും മറ്റ് വിവരങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ വരും മാസങ്ങളിൽ പുറത്തുവിടുമെന്ന് സംഘാടകർ അറിയിച്ചു.
ഏറ്റവും വലിയ കായിക വേദികൾ ഒരുക്കുന്നതിൽ വിസിറ്റ് ഖത്തറുമായുള്ള പങ്കാളിത്തം കായികതാരങ്ങൾക്കും ആരാധകർക്കും മികച്ച അനുഭവമാണ് സമ്മാനിക്കുന്നതെന്ന് വൺ ചാമ്പ്യൻഷിപ്പ് കോ-ഫൗണ്ടറും ഗ്രൂപ്പ് പ്രസിഡന്റുമായ ഹുവാ ഫങ് തേ പറഞ്ഞു. 2027-ൽ തിരിച്ചെത്തുമ്പോൾ ലോക ചാമ്പ്യന്മാർ മാറ്റുരയ്ക്കുന്ന മേഖലയിലെ തന്നെ ഏറ്റവും വലിയ ആയോധനകലാ മേളയ്ക്കാണ് ദോഹ സാക്ഷ്യം വഹിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











