ഒരിക്കൽ ഒരു ഭൂമി വഖഫ് ആയാൽ അത് എക്കാലത്തും വഖഫ് ആയിരിക്കുമെന്നതാണ് തത്വമെന്ന് കേരളം സുപ്രീം കോടതിയിൽ

ഒരിക്കൽ ഒരു ഭൂമി വഖഫ് ആയാൽ അത് എക്കാലത്തും വഖഫ് ആയിരിക്കുമെന്നതാണ് തത്വമെന്ന് സുപ്രീംകോടതിയിൽ കേരളം വ്യക്തമാക്കി. പുതിയ വഖഫ് ഭേദഗതി നിയമം കാരണം വഖഫ് സ്വത്തുക്കളുടെ സ്വഭാവം മാറ്റപ്പെടാമെന്നും സംസ്ഥാനം വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്ത് സുപ്രീം കോടതിയിൽ ഫയൽചെയ്ത കക്ഷിചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. വഖഫ് ആയതിന് ശേഷം സ്വത്തുക്കളുടെ സ്വഭാവം മാറ്റാൻ വഖഫിനോ അവരുടെ അവകാശികൾക്കോ കഴിയില്ലെന്നും സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി സമർപ്പിച്ച കക്ഷിചേരൽ അപേക്ഷയിൽ വ്യക്തമാക്കുന്നു.
കേരളത്തിൽ നിരവധി മുസ്ലിങ്ങൾ ഉണ്ടെന്നും കേരളം സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. അവർക്ക് സ്വന്തമായ വഖഫും വഖഫ് സ്വത്തുക്കളും ഉണ്ട്. പുതിയ വഖഫ് ഭേദഗതി നിയമം നടപ്പാക്കിയാൽ മൗലിക അവകാശം ലംഘിക്കപ്പെടുമോ എന്ന് കേരളത്തിലെ മുസ്ലിങ്ങൾക്ക് ആശങ്കയുണ്ടെന്നും ഈ ആശങ്ക യാഥാർഥ്യമാണെന്നും കേരളം കക്ഷിചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഒരു വ്യക്തിയുടെ മതവും വിശ്വാസവും നിശ്ചയിക്കുന്നതിനുള്ള പ്രത്യേക മാനദണ്ഡം ഇല്ല. സംസ്ഥാന സർക്കാരിനോ അതിന്റെ ഏജൻസികൾക്കോ ഒരു വ്യക്തി, മുസ്ലിം മതാചാരപ്രകാരമാണോ ജീവിക്കുന്നതെന്ന് നിശ്ചയിക്കാനാകില്ലെന്നും കേരളം കക്ഷിചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുതിയ വഖഫ് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകൾ നിയമം രൂപവത്കരിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുസ്ലിം ഇതര മതവിഭാഗത്തിൽ പെട്ടവരെ വഖഫ് ബോർഡുകളിലെ അംഗമാക്കാനുള്ള വ്യവസ്ഥയെയും കേരളം കക്ഷിചേരൽ അപേക്ഷയിൽ ചോദ്യംചെയ്യുന്നുണ്ട്.











