02:20pm 28 September 2026
NEWS
ഓണം: വിലവർദ്ധനവിൻ്റെ പൂവിളികൾ
01/09/2025  03:06 PM IST
Nasar
ഓണം: വിലവർദ്ധനവിൻ്റെ പൂവിളികൾ

കോഴിക്കോട് : തിരുവോണത്തിന് ദിവസങ്ങൾ മാത്രം. ചിങ്ങം പിറക്കുന്നതിനു മുൻപ് തന്നെ കേരളത്തിലെ ഓണ വിപണികൾ ഒരുങ്ങിയെങ്കിലും പ്രതികൂല കാലാവസ്ഥ തെരുവ് കച്ചവടക്കാരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചെങ്കിലും വിപണി വീണ്ടും സജീവമായി.
കാലാവസ്ഥയിലെ മാറ്റം കാര്യമായി ബാധിച്ചത് പൂവിൽപ്പനക്കാരെയാണ്.
തമിഴ്നാട്ടിൽ നിന്നും കർണ്ണാടകയിൽ നിന്നും ഓണവിപണി ലക്ഷ്യമാക്കി കൊണ്ടുവരുന്ന പൂ വിൽപ്പനക്കാരെ കാര്യമായി മഴ കഷ്ടപ്പെടുത്തിയെന്നാണ് 
കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിൽ പൂ വിൽപ്പനക്കാരിയായ ഇടുക്കി സ്വദേശി മേരി പറയുന്നത്.
കഴിഞ്ഞ പതിനൊന്ന് വർഷമായി കോഴിക്കോട് പാളയം മൊയ്തീൻ പള്ളിക്ക് എതിർവശം ഫൂട്ട് പാത്തിൽ കറ്റാർവാഴയും പൂ ചെടികളും വിൽക്കുന്ന മേരി നാല് വർഷം മുൻപാണ് ഓണ സീസണിൽ പൂക്കച്ചവടം ആരംഭിച്ചത്. ബംഗളൂരുവിലെ പൂ മാർക്കറ്റിൽ നിന്നാണ് പൂക്കൾ കോഴിക്കോട് എത്തുന്നത്. രാത്രി 11 നും 2നും ഇടയ്ക്കാണ് പൂക്കൾ എത്തുക. രാത്രിയിൽ തന്നെ ചെറുകിട വ്യാപാരികൾക്ക് പൂക്കൾ വിൽക്കും വളരെ തുച്ഛമായ ലാഭത്തിലാണ് നൽകുക. ബാക്കി വരുന്ന പൂക്കൾ ബസ് സ്റ്റാൻഡിൽ ഇരുന്ന് റീട്ടെയിലായി വിൽക്കും. ചിങ്ങം പിറന്ന് ഓണം കഴിയുന്നതുവരെ ഉറക്കമില്ലാത്ത രാപ്പകലുകളാണ്.
മഴയുള്ള ദിവസങ്ങളിലെല്ലാം പൂക്കൾ നനഞ്ഞ് കേടായിപ്പോകും. ലാഭം പോയിട്ട് മുതലു പോലും കിട്ടാത്ത ദിവസങ്ങളുണ്ട്. ഇത് എൻ്റെ മാത്രം കാര്യമല്ല. കേരളത്തിൽ കച്ചവടം ചെയ്യുന്ന എല്ലാവരുടേയും കാര്യം ഇതൊക്കെ തന്നെയാണ്. സ്കൂളുകളിലും കോളേജുകളിലും ഓഫീസുകളിലും മറ്റും ഓണാഘോഷം സജീവമായപ്പോൾ ഞങ്ങളെപ്പോലെയുള്ളവർ രക്ഷപ്പെട്ടു പോകുന്നു.
പൂ കർഷകരേയും ഈ വർഷത്തെ മഴ കാര്യമായി ബാധിച്ചതാണ് പൂ വിപണിയിൽ വില വർദ്ധനവിനുള്ള പ്രധാന കാരണമെന്നും മേരി പറയുന്നു.
80 രൂപ വരെ ഉണ്ടായിരുന്ന വാടാർ മല്ലിയുടെ ഇപ്പോഴത്തെ വില 200 രൂപയ്ക്ക് മുകളിലാണ്. സാധാ ചെട്ടിപ്പൂവിന് 50 രൂപയും ഉണ്ട മഞ്ഞയ്ക്ക് 200 രൂപയുമാണ്. അരളി 350, ജമന്തിക്ക് 350, റോസ് പൂവ് 250,ഡാലിയ 250 എന്നിങ്ങനെയാണ് ഞാൻ വിൽക്കുന്നത്. പത്ത് തരം പൂക്കൾ അടങ്ങിയ ഒരു കവറിന് 50 രൂപയാണ് ഞാൻ വാങ്ങിക്കുന്നത്. എല്ലാവരും സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റേയും പൂക്കളങ്ങൾ തീർക്കട്ടെ. മേരിയുടെ മുഖത്ത് നന്മയുടെ പൂക്കൾ വിടർന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img