
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിൽ പങ്കെടുക്കാൻ ഗവർണർക്ക് ക്ഷണം. മന്ത്രിമാർ രാജ്ഭവനിൽ നേരിട്ടെത്തിയാണ് ഗവർണറെ ക്ഷണിച്ചത്. മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എ. മുഹമ്മദ് റിയാസും രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര ആർലേക്കറെ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിനായി ക്ഷണിക്കുകയായിരുന്നു. ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ ഐഎഎസും മന്ത്രിമാർക്കൊപ്പം രാജ്ഭവനിലെത്തിയിരുന്നു. മന്ത്രിമാർ ഗവർണർക്ക് ഓണക്കോടിയും സമ്മാനിച്ചു.
ഗവർണറും സർക്കാരും തമ്മിൽ നേരത്തേ പലവിഷയങ്ങളിലും ഏറ്റുമുട്ടലുകളുണ്ടായിരുന്നു. ഇതിനിടെയാണ് പതിവുരീതിയനുസരിച്ച് ഓണം വാരാഘോഷ ചടങ്ങിന്റെ ഉദ്ഘാടനത്തിനായി ഗവർണറെ തന്നെ സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.
ഓണം വാരാഘോഷ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഗവർണർ അറിയിച്ചതായി രാജ്ഭവൻ സന്ദർശനത്തിന് ശേഷം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സെപ്റ്റംബർ ഒൻപതിന് നടക്കുന്ന ഓണാഘോഷ റാലി ഗവർണർ ഫ്ളാഗ് ഓഫ് ചെയ്യും. ഗവർണർക്ക് ഓണക്കോടി സമ്മാനിച്ചെന്നും മന്ത്രി വ്യക്തമാക്കി.











