
മാമലകൾക്കപ്പുറത്തെ മലയാളനാടിന്റെ കാർഷീക മഹോത്സവമാണ് ഓണം. കാർഷീകോൽപ്പന്നങ്ങളുടെ വിളവെടുപ്പുത്സവമായാണ് ഓണത്തെ രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളികളുടെ ഓണം പോലെ ജനകീയമായ ,മതേതരമായ മറ്റൊരാഘോഷവും ഭൂലോകത്തില്ല.
ഓണത്തെക്കുറിച്ചും അതിനോടനുബന്ധിച്ചുമുള്ള ആഘോഷങ്ങൾക്കും കളികൾക്കും പലരും പലയിടത്തും പല രീതികളാണ്
സ്വീകരിച്ചിരിക്കുന്നത്.
പ്രാദേശീകമായ പലതരം കളികളും ഓണാഘോഷങ്ങളോട് കൂട്ടികെട്ടി ആഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടുന്നു.പുലികളിയും , വള്ളം കളിയും, വടംവലിയും, കൈകൊട്ടികളിയും, കണ്ണുപൊത്തിക്കളിയും, ഓണത്തിന്റെ ആഘോഷങ്ങളിലെ പ്രധാന കളികളായി കരുതപ്പെടുന്നു.
എല്ലാ പ്രദേശങ്ങളിലും എല്ലാകളികളും ഒരുപോലെ പിന്തുടരുന്ന രീതിയും നിലവിലില്ല.
വടക്കൻ കേരളത്തിൽ ഓണസദ്യപോലും മദ്ധ്യകേരളത്തിലേതിൽ നിന്നും തെക്കൻ കേരളത്തിലേതിൽ നിന്നും വ്യത്യസ്തമാണ്.
കേരളത്തിന്റെ ദേശീയോത്സവമായ ഓണം കൂട്ടായ്മകളുടെയും കൂടിച്ചേരലുകളുടേയും ആഘോഷങ്ങൾ കൂടിയാണ്.
ഓണത്തിന് തുമ്പയും മുക്കുറ്റിയും പ്രധാന റോളിലുള്ള പൂക്കളാണെങ്കിലും മറ്റു പൂക്കളും പുക്കളത്തിൽ ഒരുപോലെ സ്ഥാനം പിടിക്കും.
ഓണതുമ്പിയും, കിളികളും,പൂക്കളും, ഇലകളും, പുഴകളും, തോടും, തൊടിയും , ഊഞ്ഞാലും എല്ലാം ഓണവുമായ് ബന്ധപ്പെട്ട പാട്ടുകളിലും കവിതകളിലും കഥകളിലും പ്രഥമ സ്ഥാനം പിടിക്കുന്നു. പ്രകൃതിയും, പ്രകൃതി വിഭവങ്ങളും, മനുഷ്യനുൽപ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളുമെല്ലാം ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ ഓണാഘോഷങ്ങളിൽ പ്രതിനിധീകരിക്കുന്നു.
തൂശനിലയിൽ വിളമ്പുന്ന ഇരുപത് തൊട്ട് മുപ്പത് വരെയുള്ള കറികളുൾപ്പെടെയുള്ള ഇനങ്ങൾ കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന കാർഷീക ഉൽപ്പന്നങ്ങളുടെ പ്രതീകങ്ങളായാണ് ഇലയിൽ നിരന്നിരിക്കുന്നത്. തേങ്ങയും , വെളിച്ചെണ്ണയും, അരിയും, അരിയുൽപ്പന്നങ്ങളും ,
പായസ ചേരുവകളും , പച്ചിലയും പച്ചക്കറികളും പാലുൽപ്പന്നങ്ങളും പുരാതന കേരളത്തിൽ സുലഭമായിരുന്നു.
കാലം പുരോഗമിച്ചു. കേരളത്തിന്റെ കൃഷികളും, കാർഷീക വേലകളും ക്ഷയിച്ചു.
ആധൂനീക കേരളത്തിൽ ആവശ്യത്തിന് വാഴയില പോലും ലഭ്യമല്ല, തൂശനിലയുൾപ്പെടെ “കേരം തിങ്ങും കേരളനാടിന്റെ “ തേങ്ങപോലും അന്യസംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി കടന്നെത്തണം. ഉത്രാടം നാളിൽ തമിഴ് നാട്ടിൽ ബന്ത് പ്രഖ്യാപിച്ചാൽ മലയാളിക്ക് ഇന്ന് ഓണമുണ്ണാൻ തൂശനിലയും, പച്ചക്കറികളുമുണ്ടാവില്ല.
കാർഷീക കേരളത്തിലേക്കൊരു തിരിച്ചു പോക്കില്ലെങ്കിലും , "ദൈനംദിനം കഴിക്കാനുള്ള വകയ്ക്കെങ്കിലും" സ്വയം പര്യാപ്തത ആരോഗ്യമുള്ള കേരളമായി നിലനിൽക്കാൻ നമുക്ക് അത്യന്താപേക്ഷിതമാണ്. ജാതി മത ഭേദമെന്യെ എല്ലാവരും പുതുവസ്ത്രങ്ങളണിഞ്ഞ് ഒത്തുകൂടി പാട്ടും കളികളും സാംസ്കാരീക പരിപാടികളും നടത്തി സദ്യയും കഴിച്ച് ആഘോഷങ്ങൾക്ക് സമാപ്തി കുറിക്കുന്നു.
ഗൃഹാതുരത്വത്തിന്റെ സ്മരണകളെ ഉണർത്തികൊണ്ട് പ്രവാസികളും കേരളത്തനിമയോടെ ഓണം പരമാവധി പരമ്പരാഗത രീതിയിൽ പുനർ സൃഷ്ട്രിച്ച് ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുന്നു. കൂട്ടായ്മകളുടേയും കൂടിച്ചേരലുകളും പരസ്പര ബഹുമാനത്തിന്റേയും സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ആഘോഷം കൂടിയാണ് പ്രവാസിമലയാളികൾക്ക് തിരുവോണം.
എല്ലാ മലയാളികൾക്കും ഹൃദ്യവും സന്തോഷകരവുമായ ഓണാശംസകൾ നേരുന്നു.











