
തിരുവനന്തപുരം: ഇത്തവണത്തെ ഓണത്തിന് ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്ക് റെക്കോർഡ് ബോണസ്. പെർഫോമൻസ് അലവൻസും ബോണസും ഉൾപ്പെടെ 1,02,500 രൂപയാണ് ഓരോ സ്ഥിരം ജീവനക്കാരനും ലഭിക്കുക. ഇതു സംബന്ധിച്ച തീരുമാനം മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കൈക്കൊണ്ടത്.
സ്ഥിരം ജീവനക്കാരായ നാലായിരത്തിലധികം പേർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ വർഷം 95,000 രൂപയും അതിനു മുൻപത്തെ വർഷം 90,000 രൂപയുമായിരുന്നു ബോണസ്.
എന്നാൽ, ബെവ്കോ ഷോപ്പുകളിലെ താത്കാലിക ജീവനക്കാരായ ക്ലീനിങ്, സെക്യൂരിറ്റി സ്റ്റാഫുകൾക്ക് ഈ തുക ലഭിക്കില്ല. ക്ലീനിങ് സ്റ്റാഫിനും എംപ്ലോയ്മെന്റ് സ്റ്റാഫിനും 6,000 രൂപയും ഹെഡ് ഓഫീസ്, വെയർഹൗസ് എന്നിവിടങ്ങളിലെ സെക്യൂരിറ്റി സ്റ്റാഫിന് 12,500 രൂപയുമാണ് ബോണസ്.
കൂടാതെ, സ്ഥിരം ജീവനക്കാർക്ക് 45,000 രൂപ അഡ്വാൻസായി നൽകും. ഇത് ഏഴു തവണകളായി തിരിച്ചടച്ചാൽ മതിയാകും.











