12:58pm 31 August 2026
NEWS
ഓണക്കാല ചെലവിന് പിന്നാലെ കേരളം വീണ്ടും കടമെടുക്കുന്നു; 1800 കോടി രൂപയുടെ കടപത്ര ലേലം ചൊവ്വാഴ്ച
31/08/2026  09:29 AM IST
nila
ഓണക്കാല ചെലവിന് പിന്നാലെ കേരളം വീണ്ടും കടമെടുക്കുന്നു; 1800 കോടി രൂപയുടെ കടപത്ര ലേലം ചൊവ്വാഴ്ച

 

തിരുവനന്തപുരം: ഓണക്കാലത്തെ അധിക സാമ്പത്തിക ബാധ്യതകൾക്ക് പിന്നാലെ സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. 1800 കോടി രൂപയുടെ കടപത്രങ്ങളാണ് സർക്കാർ പുതുതായി പുറത്തിറക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി ചൊവ്വാഴ്ച കടപത്രങ്ങളുടെ ലേലം നടക്കും. ഓണത്തോടനുബന്ധിച്ച് ബോണസ്, ഉത്സവബത്ത, ക്ഷേമ പെൻഷൻ എന്നിവ നേരത്തെ വിതരണം ചെയ്തതും വിപണിയിലെ ഇടപെടലുകൾക്കായി സർക്കാർ പണം ചെലവഴിച്ചതുമാണ് അധിക സാമ്പത്തിക ബാധ്യതയ്ക്ക് പ്രധാന കാരണം. ഓണക്കാലത്ത് സംസ്ഥാനത്തിന്റെ ചെലവ് ഏകദേശം 10,000 കോടി രൂപയിലെത്തിയതായാണ് കണക്ക്. ഈ മാസം നേരത്തെ തന്നെ 2200 കോടി രൂപ സർക്കാർ കടമെടുത്തിരുന്നു.

ഓണക്കാലത്ത് വിപണി സജീവമാകുന്നതോടെ നികുതി വരുമാനം ഉയരുമെന്ന പ്രതീക്ഷയിലാണ് സർക്കാർ അധിക പണം ചെലവഴിച്ചത്. എന്നാൽ ഓണം കഴിഞ്ഞതോടെ വീണ്ടും കടമെടുക്കേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്.

കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങൾ ചേർന്ന് 27,000 കോടി രൂപയുടെ കടപത്രങ്ങളാണ് ഇത്തവണ ലേലം ചെയ്യുന്നത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസത്തിനുള്ളിൽ കേരളം 26,461.75 കോടി രൂപ കടമെടുത്തിട്ടുണ്ട്. പൊതുവിപണിയിലെ കടമെടുപ്പ് ഉൾപ്പെടെ ഈ സാമ്പത്തിക വർഷം 56,413.06 കോടി രൂപ സമാഹരിക്കാനാണ് ബജറ്റിൽ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ 46.91 ശതമാനം ഇതിനകം തന്നെ കടമെടുത്തുകഴിഞ്ഞു.

സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസത്തിനുള്ളിൽ തന്നെ റവന്യൂ കമ്മിയും ബജറ്റിൽ കണക്കാക്കിയ പരിധിയുടെ പകുതിയോളം എത്തിയിട്ടുണ്ട്. ഇതിനിടെയാണ് 1800 കോടി രൂപ കൂടി കടമെടുക്കാനുള്ള തീരുമാനം.

അതേസമയം, ഓണക്കാലത്തെ ഉയർന്ന ചെലവിന് സമ്പദ്‌വ്യവസ്ഥയിലും ഖജനാവിലും അനുകൂലമായ പ്രതിഫലനമുണ്ടാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. വിപണിയിലെ ഇടപാടുകൾ വർധിക്കുന്നതോടെ ജിഎസ്ടി ഉൾപ്പെടെയുള്ള നികുതി വരുമാനം ഉയരുമെന്നാണ് വിലയിരുത്തൽ. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസങ്ങളിൽ സംസ്ഥാനത്തിന് ലഭിച്ച ജിഎസ്ടി വരുമാനം 13,880.82 കോടി രൂപയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img