12:57am 24 August 2026
NEWS
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്
23/08/2026  12:19 PM IST
nila
 ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പ്രതികൾക്ക് പൊലീസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തിട്ടുണ്ടോയെന്നതടക്കം കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. അതേസമയം, പ്രതികൾക്ക് പൊലീസ് യൂണിഫോം വാങ്ങിനൽകിയെന്ന ആരോപണത്തിന് അന്വേഷണത്തിൽ തെളിവ് കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പൊലീസ് കമ്മീഷണർ ഇന്ന് വിശദമായ അന്വേഷണത്തിന് ഉത്തരവിടുമെന്നാണ് വിവരം.

പാളയത്തെ കല്യാൺ ടെക്സ്റ്റൈൽസിൽനിന്നാണ് മ്യൂസിയം പൊലീസ് സ്റ്റേഷൻ ഓണാഘോഷത്തിനായി 68 ഷർട്ടുകൾ വാങ്ങിയത്. ഷർട്ടുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയും അന്വേഷണ സംഘം പരിശോധിച്ചു. എസ്എച്ച്ഒ പ്രശാന്ത് സ്റ്റേഷനിലെത്തുമ്പോൾ കേസിലെ പ്രതികൾ അവിടെ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. പ്രതിയായ ഉണ്ണിയുമായി സ്റ്റേഷന് മുന്നിൽവച്ച് എസ്എച്ച്ഒയും ഐപി ബിനുവുമായി സ്റ്റേഷനുള്ളിൽവച്ചും സംസാരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇരുവരും സംസാരിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

എസ്എച്ച്ഒ സ്റ്റേഷനിൽ ഉണ്ടായിരുന്ന സമയത്താണ് പ്രതികൾ സ്റ്റേഷന് പുറത്ത് ഓണാഘോഷ റീലിന്റെ ബാക്കി ഭാഗങ്ങൾ ചിത്രീകരിച്ചതെന്നും സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി. പ്രതികളെ സ്റ്റേഷൻ പരിസരത്തുനിന്ന് മാറ്റുന്നതിൽ എസ്എച്ച്ഒയ്ക്കും മറ്റ് പൊലീസുകാർക്കും ഉത്തരവാദിത്വമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഐപി ബിനുവിന്റെ ഷർട്ടും മറ്റ് പൊലീസുകാർ ധരിച്ചിരുന്ന ഷർട്ടുകളും നീല നിറത്തിലുള്ളതായിരുന്നെങ്കിലും ഇവ തമ്മിൽ വ്യത്യാസങ്ങളുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. പ്രതികൾക്ക് പൊലീസ് വേഷം നൽകിയത് പൊലീസുകാരാണെന്ന ആരോപണത്തിനും ഇതോടെ സ്ഥിരീകരണമില്ലെന്നാണ് റിപ്പോർട്ട്.

സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മീഷണർ സ്വന്തം ശുപാർശകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ഐജിക്ക് കൈമാറിയിട്ടുണ്ട്. പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയുടെയും പ്രതികൾക്ക് ഏതെങ്കിലും തരത്തിൽ ഒത്താശ ലഭിച്ചോയെന്നതടക്കമുള്ള കാര്യങ്ങളുടെയും വിശദമായ പരിശോധന ഇനി നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img