
കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓണം ബമ്പർ മൂന്നാംസമ്മാനം കുടുംബശ്രീ അംഗങ്ങൾക്ക്. കോട്ടയം ജില്ലയിലെ പൂഞ്ഞാർ പയ്യാനിത്തോട്ടം സൂര്യ കുടുംബശ്രീ അംഗങ്ങളായ കീരിയാനിക്കൽ സൗമ്യാ സുജീവ്, കോട്ടൂക്കുന്നേൽ രമ്യാ അനൂപ്, കോട്ടൂക്കുന്നേൽ ഉഷാ മോഹനൻ, ഓലിക്കൽ സാലി സാബു, കുമ്പളന്താനത്തിൽ ഉഷാ സാബു എന്നിവർ ചേർന്നെടുത്ത ടിക്കറ്റിനാണ് മൂന്നാംസമ്മാനമായ 50 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. ഈ സൗഹൃദ കൂട്ടായ്മ എടുത്ത ടിഎച്ച് 668650 എന്ന ടിക്കറ്റാണ് ഇവർക്ക് ഭാഗ്യം കൊണ്ടുവന്നത്.
അഞ്ചുപേരും 100 രൂപവീതം ഇട്ടാണ് ടിക്കറ്റെടുത്തത്. പൂഞ്ഞാർ സ്വദേശി മനോജിന്റെ പക്കൽനിന്നാണ് ഇവർ ടിക്കറ്റെടുത്തത്. സമ്മാനാർഹമായ ടിക്കറ്റ് കേരള ഗ്രാമീൺ ബാങ്കിന്റെ പൂഞ്ഞാർ ശാഖയിൽ ഏൽപ്പിച്ചു.
ഭാഗ്യശാലികളിൽ സൗമ്യ, രമ്യ, ഉഷ, സാലി എന്നിവർക്ക് പിഎംഎവൈ പദ്ധതിപ്രകാരം വീട് അനുവദിച്ചതായിരുന്നു. സൗമ്യയുടെയും രമ്യയുടെയും വീടുനിർമാണം നടന്നുവരുകയാണ്. പദ്ധതിയിലുൾപ്പെട്ടെങ്കിലും ഉഷ, സാലി എന്നിവർക്ക് വീടുനിർമാണത്തിന് അനുയോജ്യമായ സ്ഥലം ലഭിച്ചിട്ടില്ല. ഉഷാ സാബുവിന് സ്വന്തം ഭൂമിയിൽ വാഹനം എത്താത്തതിനാൽ വീട് നിർമിക്കാൻ സാധിക്കാത്ത വിഷമത്തിലുമായിരുന്നു. ഇനി ഇവർക്കും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാത്‌കരിക്കാനാകും.











