06:19pm 13 November 2025
NEWS
ഓണം,
മഹത്വവും.. മഹിമയും

29/08/2025  04:20 PM IST
കൈലാസ് നാരായണൻ
ഓണം,  മഹത്വവും ..മഹിമയും

ആവർത്തന വിരസത തോന്നാത്ത ഒരു ആഘോഷം തന്നെയാണ് ഓണം. പത്രങ്ങളും മാസികകളും ചാനലുകളും ഓണവിശേഷങ്ങളുമായി നമ്മുടെ മുന്നിൽ എത്താറുണ്ട്. അതേ, നാമെല്ലാം കൗതുകത്തോടെത്തന്നെ, പുതുതായി കാണുന്നതുപോലെതന്നെ വിരസതയില്ലാതെ ഓണക്കാഴ്ചകൾ കാണാറുണ്ട്. മലയാള മനസ്സിനെ ഇത്ര ഏറെ സ്വാധീനിച്ച മറ്റൊരാഘോഷവുമില്ല. നല്ല ചിന്തകളെ എല്ലാം ഓണത്തോട് ചേർത്തുവെച്ചുപറയാൻ നാം കാട്ടുന്ന വ്യഗ്രത തന്നെയാണ് ഓണത്തിന്റെ മഹത്വവും മഹിമയും.


ഓണത്തിന്റെ വൈവിധ്യങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുമ്പോൾ അതിശയകരമായ അനവധി അനവധി ആചാരവൈവിധ്യങ്ങളിലൂടെയാണ് തിരുവോണ ആചാരങ്ങൾ കടന്നുപോകുന്നത്. ഓരോ ഗ്രാമത്തിനും ഗ്രാമത്തിന്റേതായ ഓണാചാരങ്ങളുണ്ട്. എന്നാൽ ഓരോ വീടുകളിലും അവരുടെ കുലാചാരപ്രകാരമുള്ള ഓണവിശേഷവുമുണ്ട്. തിരുവോണനാളിൽ പ്രത്യേകമായി പാചകം ചെയ്യുന്ന ചില വിഭവങ്ങൾ കൂടി നമ്മുടെ ഓണച്ചടങ്ങിൽ പലയിടങ്ങളിലും കാണാറുണ്ട്. മനുഷ്യമനസ്സിന്റെ വൈവിധ്യങ്ങൾ പോലെ, ചിന്തകളിലും, ആചാരങ്ങളിലും ആഘോഷങ്ങളിലും ഓണം മലയാളമനസ്സിൽ വൈവിധ്യപൂർണ്ണമായിത്തീരുന്നു.
മഹാദേവനായിട്ടും, മാതേവനായിട്ടും മഹാവിഷ്ണുവായിട്ടും, ആദിശേഷനായിട്ടും മഹാബലി സങ്കൽപ്പത്തെ പൂക്കളാലും, നിവേദ്യങ്ങളാലും ആരാധിക്കുന്നവരാണ് കേരളം. ഓണപ്പൊട്ടനായി എത്തുന്ന മഹാബലി  സങ്കൽപ്പത്തിൽ മനുഷ്യജീവിതത്തിന്റെ നിസ്സാരതയെ മഹാബലി എന്ന സങ്കൽപ്പത്തിലൂടെ മാലോകർക്ക് കാട്ടിത്തരുകയാണ് തിരുവോണത്തിന്റെ മറ്റൊരു സങ്കൽപ്പം. വീണ്ടും ഒരു ഓണക്കാലം എത്തിയിരിക്കുകയാണ്. പൂവിളികളും ആർപ്പും കുരവയും കാലത്തിന്റെ കുത്തൊഴുക്കിൽ നമ്മിൽ നിന്നും അകന്നുപൊയ്ക്കഴിഞ്ഞു. പഴമകൾ വെറും കേട്ടുകേൾവികളായി മാറിക്കഴിഞ്ഞു. എങ്കിലും അൽപ്പനേരത്തിൽ ഓണത്തെ എതിരേൽക്കാൻ ഓരോ മലയാളിമനസ്സും വെമ്പൽ കൊള്ളുന്നുണ്ട്. പൂ അടയും, നിറപറയും വെച്ച് ഓണത്തപ്പനെ എതിരേൽക്കുന്ന ഒരു പൂർവ്വിക ആചാരത്തിലൂടെയാണ് ഇക്കുറി തിരുവോണമുറ്റം തീർത്തിരിക്കുന്നത്.

തിരുമക്കൾക്കായ്  തിരുവോണം

തിരുവോണത്തിന്റെ ആഘോഷപ്പെരുമയെക്കുറിച്ച് നാമെല്ലാം വാചാലരാണ്. എന്തെന്നാൽ ഓണം അത്ര ഏറെ സന്തോഷമാണ് നമ്മളിൽ പകരുന്നത്. എന്നാൽ തിരുവോണദിവസം മക്കളുടെ ഐശ്വര്യത്തിനായി വ്രതം ആചരിക്കേണ്ട ദിവസമാണ്. മുൻതലമുറയിലെ അച്ഛനമ്മമാർ മക്കളുടെ നന്മയ്ക്കും  ഐശ്വര്യത്തിനും വേണ്ടി ആചരിച്ചിരുന്ന ശുദ്ധവ്രതമാണ് തിരുവോണം ഒരിക്കൽ. മഹാവിഷ്ണുവിന്റെ ജന്മദിനമായി(വാമനാവതാരം) കരുതപ്പെടുന്ന തിരുവോണദിനത്തിൽ വ്രതം ആചരിക്കുന്നത് സന്തതികൾക്ക് ശ്രേയസ്സായി വിശ്വസിക്കപ്പെടുന്നു.
മറ്റ് വ്രതങ്ങളിൽ നിന്നും അൽപ്പം ലഘൂകരിക്കപ്പെട്ടതാണ് തിരുവോണവ്രതം. എന്നാൽ ഈ വ്രതം ഭാര്യയും ഭർത്താവും ചേർന്നുവേണം ആചരിക്കേണ്ടത് എന്ന നിർബന്ധമുണ്ട്. ഉച്ചയ്ക്ക് ഓണസദ്യ(ഭഗവാന്റെ പിറന്നാൾ സദ്യ എന്നുതന്നെ പറയാം). കഴിക്കാം. രാവിലേയും രാത്രിയിലും പഴവർഗ്ഗങ്ങളും, അരിചേർക്കാത്ത പലഹാരങ്ങളും കഴിക്കാം. തിരുവോണം മലയാളികളുടെ ഗൃഹാതുരത്വമാണ്. എന്നാൽ ഈ മഹത്തായ ആഘോഷം വരുംതലമുറകളുടെ ശ്രേയസ്സിനുവേണ്ടിയുള്ള പ്രാർത്ഥനാദിനം കൂടിയായി മാറുകയാണ് പവിത്രമായ വ്രതാചാരത്തിലൂടെ. അതെ; ഓണത്തിന്റെ വിശേഷങ്ങളും വിശ്വാസങ്ങളും അങ്ങനെ നീളുകയാണ്. അനവധി വാക്കുകൾ ഓണത്തെ പ്രകീർത്തിക്കുന്ന ഈ തിരുവോണനാളിൽ ഏവരിലും ഐശ്വര്യം നിറയ്ക്കട്ടെ.
 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.