11:55am 01 November 2026
NEWS
“ഈ മനോഹര തീരത്ത് “ ദേവരാജസ്മൃതികൾ പൂത്തുലഞ്ഞു; ശിവപ്രിയയ്ക്കും ജോയ് മാഷ്ക്കും ആദരവിന്റെ പൊൻതിളക്കം.

01/11/2026  09:31 AM IST
nila
“ഈ മനോഹര തീരത്ത് “ ദേവരാജസ്മൃതികൾ പൂത്തുലഞ്ഞു; ശിവപ്രിയയ്ക്കും ജോയ് മാഷ്ക്കും ആദരവിന്റെ പൊൻതിളക്കം.

ദോഹ: മലയാള ചലച്ചിത്രസംഗീത ലോകത്തെ അനശ്വര സംഗീതപ്രതിഭ ദേവരാജൻ മാസ്റ്ററുടെ ഓർമകൾക്ക് സംഗീതാർച്ചനയൊരുക്കി ‘ഈ മനോഹര തീരത്ത്’ എന്ന പേരിൽ ഗ്രാമഫോൺ ഖത്തർ സംഘടിപ്പിച്ച സ്മരണാഞ്ജലി സീസൺ 5 ശ്രദ്ധേയമായി. മലയാളിയുടെ ഹൃദയത്തിൽ കാലാതീതമായി നിലകൊള്ളുന്ന ദേവരാജൻ മാസ്റ്ററുടെ അനശ്വര ഗാനങ്ങളെ കോർത്തിണക്കിയ പരിപാടി, സംഗീതാസ്വാദകർക്ക് ഗൃഹാതുരമായ അനുഭവമായി.

 
മാസ്റ്ററുടെ സംഗീതസമ്പന്നമായ ഓർമകളെ പുതുതലമുറയിലേക്ക് പകരുന്നതിനൊപ്പം, പഴയകാല മലയാള ചലച്ചിത്രഗാനങ്ങളുടെ സൗന്ദര്യവും ഭാവതീവ്രതയും വീണ്ടും ആസ്വാദകഹൃദയങ്ങളിൽ നിറയ്ക്കുന്നതിലും പരിപാടി ശ്രദ്ധേയമായി.
 
പരിപാടിയുടെ സംവിധാനവും അവതരണവും നിർവഹിച്ച ഡോക്ടർ റഷീദ് പട്ടത്ത് ഗാനങ്ങളുടെ പശ്ചാത്തലവും വൈകാരികതയും ആസ്വാദകരിലേക്ക് പകർന്നുനൽകിയ വേറിട്ട അവതരണശൈലിയിലൂടെ പരിപാടിക്ക് പുതുമയാർന്ന മാനം നൽകി. ഖത്തറിന്റെ കലാവേദികളിലെ മുൻ കലാതിലകമായ ശ്രീലക്ഷ്മി സുരേഷ് ഒരിടവേളയ്ക്കുശേഷം അവതാരകയായി മടങ്ങിയെത്തി, തന്റെ വാക്ചാതുര്യവും അവതരണ മികവും കൊണ്ട് സംഗീതസന്ധ്യയിൽ ശ്രദ്ധേയ സാന്നിധ്യമായി.
 
സ്മരണാഞ്ജലി സീരീസുകളിലെ പ്രധാനഗായികയും ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജേതാവുമായ ശിവപ്രിയ സുരേഷിനെ വേദിയിൽ ആദരിച്ചു. ഗ്രാമഫോണും ശിവപ്രിയയും തമ്മിലുള്ള ആത്മബന്ധത്തിന്റെ മധുരസ്മൃതികൾ കോർത്തിണക്കിയ ദൃശ്യാവിഷ്കാരം സദസ്സിന് ഹൃദയസ്പർശിയായി .
 
ഖത്തറിലെ സംഗീതരംഗത്തെ മികവിനുള്ള അംഗീകാരമായി ഗ്രാമഫോൺ ഏർപ്പെടുത്തുന്ന 2026 ലെ ഗ്രാമഫോൺ ഖത്തർ -മുഹമ്മദ്‌ ഈസ മെമ്മോറിയൽ അവാർഡ് ജോയ് മാഷ്ക്ക് (വയലിൻ ജോയ്) ചടങ്ങിൽ സമ്മാനിച്ചു. സംഗീതസപര്യയ്ക്കുള്ള ആദരവും കലാപ്രതിഭയ്ക്കുള്ള അംഗീകാരവും ഒത്തുചേരുന്ന ഈ പുരസ്കാരം, ഖത്തറിന്റെ സംഗീതലോകത്ത് അർത്ഥവത്തായൊരു അടയാളമായി മാറി.
 
ദോഹയിലെ ഗായകരായ ശിവപ്രിയ സുരേഷ്,  മൈഥിലി ഷേണായ്,  റിയാസ് കരിയാട്,  മണികണ്ഠദാസ് ,  അജ്മൽ മുഹമ്മദ്, രാം രവീന്ദ്രൻ, മുഹമ്മദ്‌ ഉസ്മാൻ,  റഷാദ് ഖുറൈശി, അനീഷ രാജേഷ്,  ആതിര തങ്കം,  അന്ന ലോറൻസ് എന്നിവർ ചേർന്ന് ഗാനങ്ങൾ ആലപിച്ചു. സംഗീതാവതരണത്തിന് മിഴിവേകി ഓർക്കസ്ട്ര ടീമും മികവുറ്റ ശബ്ദസമന്വയം കൊണ്ട് സൗണ്ട് എഞ്ചിനീയർ രഞ്ജിത്ത് രവീന്ദ്രനും സംഗീതവിരുന്നിന് പൂർണതയേകി.
 
ഗ്രാമഫോൺ ഖത്തറിന്റെ പ്രിയപ്പെട്ട സഹയാത്രികൻ 
വി എസ് നാരായണൻ, പേട്രൺ കെ ആർ ജയരാജ്‌, സ്ഥാപക അംഗങ്ങളായ  ശംസുദ്ധീൻ പഴുവിൽ, റഷാദ് ഖുറൈശി,  മുഹമ്മദ്‌ ഉസ്മാൻ,  സുരേഷ് കുമാർ വണ്ണരാത്ത്, മഖ്ദും ഇൻസൈറ്റ്,  നിയാസ് റഹ്മാൻ, ഡോക്ടർ റഷീദ് എന്നിവർ  ആദരവിനും പുരസ്‌കാരസമർപ്പണത്തിനും സന്നിഹിതരായി.
 
ലോകമെമ്പാടുമുള്ള മലയാളി ഹൃദയങ്ങളെ ഒരുമയുടെ നൂലിഴയിൽ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ സാന്നിധ്യവും സഹകരണവും പരിപാടിക്ക് കൂടുതൽ മിഴിവേകി. പ്രസിഡന്റ് അജാസ് അലി, കോർഡിനേറ്റർ രാജേഷ് മാണിക്കോത്ത്, സെക്രട്ടറി ജോസഫ് ജോർജ്, മിഡിൽ ഈസ്റ്റ് യൂത്ത് ഫോറം കോർഡിനേറ്റർ മൻസൂർ മൊയ്‌ദീൻ, വിമൻസ് ഫോറം കോർഡിനേറ്റർ സിതാര മനോജ് എന്നിവരടക്കമുള്ള ഭാരവാഹികളും മറ്റ് WMF അംഗങ്ങളുടെയും സജീവ സാന്നിധ്യം പരിപാടിയുടെ മാറ്റുകൂട്ടി.
 
ദേവരാജൻ മാസ്റ്ററുടെ സംഗീതം കാലത്തെ അതിജീവിച്ച് ഹൃദയങ്ങളിൽ ജീവിക്കുന്നുവെന്ന സത്യം ഒരിക്കൽക്കൂടി അടിവരയിട്ടുകൊണ്ട്, ‘സ്മരണാഞ്ജലി സീസൺ 5’ സംഗീതാസ്വാദകരുടെ മനസ്സിൽ മായാത്തൊരു ഈണസ്മൃതിയായി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img