ലഫ്റ്റനന്റ് ഗവർണറുടെ വിലക്ക് മറികടന്ന് ഗേറ്റ് ചാടിക്കടന്ന് കശ്മീർ മുഖ്യമന്ത്രി നഖ്‌ഷ്ബന്ദ് സാഹിബ് ദർഗയിൽ പ്രവേശിച്ചു

കശ്മീരിലെ നഖ്‌ഷ്ബന്ദ് സാഹിബ് ദർഗയുടെ കവാടം ചാടിക്കടന്ന് കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. 1931 ജൂലൈ 13 ന് അന്നത്തെ കശ്മീർ രാജാവായിരുന്ന ഹരിസിംഗിനെതിരെ പ്രതിഷേധിച്ച 22 പേരെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇവരുടെ രക്തസാക്ഷിദിനമായ ഇന്നലെ ഒമർ അബ്ദുള്ള ഉൾപ്പെടെയുള്ള നിരവധി നാഷണൽ കോൺഫറൻസ് നേതാക്കളും പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെയും വീട്ടുതടങ്കലിലാക്കിയിരുന്നു. എന്നാൽ, ഇന്ന് ഒമർ അബ്ദുള്ളയും സംഘവും രക്തസാക്ഷികളുടെ ശവകുടീരത്തിലേക്ക് എത്തുകയായിരുന്നു.
ശ്രീനഗറിലെ ഖന്യാർ, നൗഹട്ട എന്നീ രണ്ട് ഭാഗങ്ങളിൽ നിന്നുള്ള രക്തസാക്ഷി ശവകുടീരത്തിലേക്കുള്ള റോഡുകൾ സുരക്ഷാ സേന അടച്ചിരുന്നു. ഒമർ അബ്ദുള്ളയുടെ വാഹനവ്യൂഹം ഖന്യാറിൽ എത്തിയ ഉടൻ, അദ്ദേഹം വാഹനത്തിൽ നിന്ന് ഇറങ്ങി ഒരു കിലോമീറ്ററിലധികം നടന്നാണ് ദർഗയിലെത്തിയത്. നഖ്‌ഷ്ബന്ദ് സാഹിബ് ദർഗയുടെ ഗേറ്റിന് മുന്നിൽ ഒമർ അബ്ദുള്ളയെ പൊലീസ് തടഞ്ഞു. ഇതോടെയാണ് അദ്ദേഹം ഗേറ്റ് ചാടിക്കടന്ന് ഉള്ളിൽ കടന്ന് പ്രാർത്ഥന നടത്തിയത്. തന്നെ ദർഗയ്ക്കുള്ളിൽവെച്ച് മർദ്ദിച്ചെന്നും ഒമർ അബ്ദുള്ള പിന്നീട് ആരോപിച്ചു.
1931ൽ അന്നത്തെ കശ്മീർ രാജാവായിരുന്ന ഹരിസിങ്ങിനെതിരെ പ്രതിഷേധിച്ചവരെ വെടിവെച്ച് കൊന്ന ദിവസമാണ് ജൂലൈ 13. അതിന്റെ വാർഷികാചരണം പാടില്ലെന്ന് അടുത്തിടെ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഉത്തരവിറക്കിയിരുന്നു. ഇതിന് പുറമെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിന്റെ നേതാക്കളെ മുൻകരുതലെന്ന വിധത്തിൽ വീട്ടുതടങ്കലിലുമാക്കിയിരുന്നു. മുമ്പ് ജൂലൈ 13 സംസ്ഥാനത്ത് അവധി ദിനമായിരുന്നു. എന്നാൽ മനോജ് സിൻഹ പ്രത്യേക വിജ്ഞാപനമിറക്കി ഈ അവധി 2020 ൽ എടുത്തുമാറ്റിയിരുന്നു.











