
ദോഹ: അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആഗോള കാമ്പെയ്നായ 'ലെറ്റ്സ് മൂവ്' (Let’s Move) പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച്, 'എജ്യുക്കേഷൻ എബോവ് ഓൾ' (EAA) ഫൗണ്ടേഷനും പ്ലേസ് വെൻഡോമും സംയുക്തമായി 'ലെറ്റ്സ് മൂവ് ഫോർ എജ്യുക്കേഷൻ' കമ്മ്യൂണിറ്റി വാക്ക് സംഘടിപ്പിച്ചു. 2026 ഒളിമ്പിക് ദിനാഘോഷങ്ങളുടെ ഭാഗമായി പ്ലേസ് വെൻഡോം മാളിലാണ് ഇൻഡോർ നടത്തവും ജോഗിംഗും സംഘടിപ്പിച്ചത്.
യുവാക്കൾ, കുടുംബങ്ങൾ, ടീം ഖത്തറിലെ കായികതാരങ്ങൾ, വിവിധ കമ്മ്യൂണിറ്റി പ്രതിനിധികൾ തുടങ്ങി നൂറുകണക്കിന് ആളുകൾ പരിപാടിയിൽ പങ്കെടുത്തു. പങ്കെടുത്തവർക്കായി പ്രത്യേക വാം-അപ്പ് സെഷനും ഒരുക്കിയിരുന്നു. തുടർന്ന് മാളിനുള്ളിൽ അഞ്ച് റൗണ്ടുകളിലായി ഏകദേശം അഞ്ച് കിലോമീറ്ററോളം ദൂരം പൂർത്തിയാക്കിയാണ് കായികപ്രേമികൾ ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായത്. എല്ലാ പ്രായക്കാർക്കും ഒരേപോലെ പങ്കെടുക്കാൻ സാധിക്കുന്ന രീതിയിലായിരുന്നു പരിപാടി ക്രമീകരിച്ചിരുന്നത്.
ശാരീരിക ആരോഗ്യം നിലനിർത്തുന്നതിനൊപ്പം യുവതലമുറയിൽ ആത്മവിശ്വാസം, നേതൃത്വപാടവം, ടീം വർക്ക്, ആശയവിനിമയ ശേഷി എന്നിവ വളർത്തിയെടുക്കാൻ കായിക വിനോദങ്ങൾക്ക് സാധിക്കുമെന്ന് ഇ.എ.എ ഫൗണ്ടേഷൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് എൻഗേജ്മെന്റ് ഡയറക്ടർ അൽ ജാസി ദർവിഷ് പറഞ്ഞു. വിദ്യാഭ്യാസവും കായികരംഗവും ഒത്തുചേരുമ്പോൾ യുവാക്കൾക്ക് ജീവിതത്തിൽ ആവശ്യമായ കഴിവുകൾ വികസിപ്പിക്കാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഖത്തർ ഫൗണ്ടേഷനുമായും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായും സഹകരിച്ച് ഇ.എ.എ നടപ്പിലാക്കുന്ന 'സർക്കിൾ ഇൻ' (Circle In) പദ്ധതിയുടെ തുടർച്ച കൂടിയാണ് ഈ ഇവന്റ്.
ആരോഗ്യകരമായ ജീവിതശൈലിയും പോസിറ്റീവ് സാമൂഹിക ഇടപെടലുകളും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു മികച്ച പൊതു ഇടം ഒരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് യുണൈറ്റഡ് ഡെവലപ്പേഴ്സ് ഗ്രൂപ്പ് മാർക്കറ്റിംഗ് ഡയറക്ടർ സഞ്ജയ് മേത്ത വ്യക്തമാക്കി. കായിക വിനോദങ്ങളിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യകരമായ ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള ഖത്തറിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതായിരുന്നു ഈ കൂട്ടായ്മ.











