
ദോഹ :മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ചർച്ചകൾക്കും സമാധാന ശ്രമങ്ങൾക്കും മുൻഗണന നൽകണമെന്ന് ഏഷ്യൻ ഒളിമ്പിക് കൗൺസിൽ (OCA) പ്രസിഡന്റും ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ എച്ച്.ഇ ഷെയ്ഖ് ജൊആൻ ബിൻ ഹമദ് അൽതാനി ആഹ്വാനം ചെയ്തു.മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സംഘർഷം കുറയ്ക്കുന്നതിനും ചർച്ചകൾ അനിവാര്യമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.നിലവിലെ യുദ്ധസാഹചര്യം കായികതാരങ്ങളെയും കായിക സമൂഹത്തെയും ദോഷകരമായി ബാധിക്കുന്നതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ബാധിക്കപ്പെട്ട കുടുംബങ്ങളോടും സമൂഹങ്ങളോടും ഏഷ്യൻ ഒളിമ്പിക് പ്രസ്ഥാനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.2026-ൽ നടക്കാനിരിക്കുന്ന യോഗ്യതാ മത്സരങ്ങളുമായി ബന്ധപ്പെട്ട് വിവിധ ദേശീയ ഒളിമ്പിക് കമ്മിറ്റികളുമായി കൗൺസിൽ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. കായികതാരങ്ങളുടെയും ഒളിമ്പിക് കുടുംബത്തിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.2026-ൽ നഗോയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനുള്ള കോർഡിനേഷൻ കമ്മിറ്റി യോഗങ്ങൾ മാർച്ച് 2, 3 തീയതികളിൽ വിജയകരമായി പൂർത്തിയായതായും അദ്ദേഹം അറിയിച്ചു.മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും ഐക്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മേഖലയിൽ എത്രയും വേഗം സ്ഥിരത കൈവരുമെന്ന് പ്രത്യാശിക്കുന്നതായും ഷെയ്ഖ് ജൊആൻ കൂട്ടിച്ചേർത്തു.











