
ദോഹ: ഖത്തറിന്റെ സമുദ്ര പാരമ്പര്യവും ആധുനിക കായിക വീര്യവും ഒത്തുചേരുന്ന ഓൾഡ് ദോഹ പോർട്ട് ഫിഷിംഗ് കോമ്പറ്റീഷന്റെ (Old Doha Port Fishing Competition) മൂന്നാം പതിപ്പ് മെയ് 13 മുതൽ 16 വരെ നടക്കും. ഖത്തറിലെ ഏറ്റവും വലിയ മത്സ്യബന്ധന മത്സരമെന്ന ഖ്യാതിയുള്ള ഈ സീസണിൽ വൻ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.ഒന്നാം സ്ഥാനം: ജിഡബ്ല്യുഎം ടാങ്ക് 500 (GWM Tank 500) കാർ.
രണ്ടാം സ്ഥാനം: ജിഡബ്ല്യുഎം ടാങ്ക് 300 (GWM Tank 300) കാർ.
മൂന്നാം സ്ഥാനം: ഹവാൽ എച്ച് 9 (Haval H9) കാർ.
നാലാം സ്ഥാനം: ഹലൂൽ ബോട്ട് ഫാക്ടറി നൽകുന്ന ബോട്ട്.
അഞ്ച് മുതൽ പത്ത് വരെയുള്ള സ്ഥാനക്കാർക്ക് ആകർഷകമായ പണക്കിഴിയും ലഭിക്കും.
ഏറ്റവും കൂടുതൽ ഭാരമുള്ള കിംഗ് ഫിഷിനെ (കാനദ്) പിടിക്കുന്ന ടീമിനെയാണ് വിജയികളായി തിരഞ്ഞെടുക്കുക. മെയ് 13 ബുധനാഴ്ച സൂര്യാസ്തമയത്തിന് മുമ്പ് ഓൾഡ് ദോഹ പോർട്ടിൽ നിന്ന് ടീമുകൾ കടലിലേക്ക് പുറപ്പെടും. മെയ് 16 ശനിയാഴ്ച വൈകുന്നേരം പോർട്ടിൽ വെച്ച് നടക്കുന്ന വിധിനിർണ്ണയത്തിനും അവാർഡ് ദാന ചടങ്ങോടും കൂടി മത്സരം അവസാനിക്കും.മെയ് 10 വരെ ദിവസവും രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ ദോഹ മറൈൻ സ്പോർട്സ് ക്ലബ്ബിൽ വെച്ച് രജിസ്ട്രേഷൻ നടത്താം. കൂടുതൽ വിവരങ്ങൾക്ക് +974 55734539 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഖത്തറിന്റെ സമുദ്ര പൈതൃകം സംരക്ഷിക്കുന്നതിനും പുതിയ തലമുറയ്ക്ക് ഇത്തരം പാരമ്പര്യങ്ങൾ പരിചയപ്പെടുത്തുന്നതിനുമാണ് ഓൾഡ് ദോഹ പോർട്ട് ഈ മത്സരം സംഘടിപ്പിക്കുന്നത്. എല്ലാത്തരം കപ്പലുകൾക്കും ബോട്ടുകൾക്കും കടലിലേക്ക് ഇറങ്ങാൻ ഗതാഗത മന്ത്രാലയം അനുമതി നൽകിയതിന് പിന്നാലെയാണ് മത്സരത്തിന് തുടക്കമാകുന്നത്.










