
ദോഹ:വാഷിംഗ്ടണുമായി എത്തിയ താൽക്കാലിക യുദ്ധവിരാമ കരാറിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി പൂർണ്ണമായും ഇറാൻ
തുറന്നുനൽകിയതോടെ
അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ 11 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.ബ്രെന്റ് ക്രൂഡ്ഓയിൽ ബാരലിന് 11.2 ശതമാനം ഇടിഞ്ഞ് 88.27 ഡോളറിൽ എത്തി.
ഡബ്ല്യു.ടി.ഐ ക്രൂഡ് (WTI)ഓയിൽ 12 ശതമാനം ഇടിവോടെ ബാരലിന് 83.29 ഡോളർ എന്ന നിരക്കിലെത്തി.മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെത്തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എണ്ണവിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്‌ചിയുടെ പ്രഖ്യാപനത്തോടെ വിപണിയിൽ പെട്ടെന്ന് വില കുറയുകയായിരുന്നു.ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ലണ്ടൻ ആസ്ഥാനമായുള്ള ഇൻഷുറൻസ് കമ്പനികൾ 100 കോടി ഡോളറിന്റെ അധിക ഇൻഷുറൻസ് പരിരക്ഷ പ്രഖ്യാപിച്ചു. കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനും ആഗോള വ്യാപാരത്തിന്റെ ഒഴുക്ക് നിലനിർത്തുന്നതിനുമായി 'ബീസ്ലി ഇൻഷുറൻസ്' (Beazley Insurance) നേതൃത്വം നൽകുന്ന കൺസോർഷ്യമാണ് ഈ സുരക്ഷാ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ഉപരോധങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഈ സേവനം ലഭ്യമാക്കുകയെന്നും അധികൃതർ വ്യക്തമാക്കി.
കടലിടുക്ക് തുറന്നത് ആഗോള എണ്ണ വിതരണ ശൃംഖലയ്ക്ക് വലിയ ആശ്വാസമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.










