
തിരുവനന്തപുരം: കേരളതീരത്ത് എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും സാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങൾ വീണ്ടും സജീവമാക്കി ഓയിൽ ഇന്ത്യ ലിമിറ്റഡ്. കൊല്ലം ജില്ലയിലെ ആലപ്പാട് തീരത്തിന് സമീപം നടത്തിയ ഡ്രില്ലിങ് പൂർത്തിയായി. വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് തെക്കൻ കേരളതീരത്ത് എണ്ണ-പ്രകൃതിവാതക പര്യവേഷണം നടന്നത്.
ഓയിൽ ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തിട്ടുള്ള KK-OSHP-2018/1 എന്ന ബ്ലോക്കിലാണ് പര്യവേഷണം നടത്തിയത്. 3,520 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ബ്ലോക്കിൽ, കൊല്ലം തീരത്തുനിന്ന് 20 മുതൽ 26 നോട്ടിക്കൽ മൈൽ വരെ അകലെയായിരുന്നു ഡ്രില്ലിങ്. സമുദ്രത്തിലെ മുൻകാല സീസ്മിക് സർവേകളിൽ ഹൈഡ്രോകാർബൺ സാന്നിധ്യത്തിന് സാധ്യതയുള്ള മേഖലകൾ കണ്ടെത്തിയതിനെ തുടർന്നാണ് കൂടുതൽ പരിശോധനകൾ നടത്തിയത്.
സമുദ്രത്തിന്റെ അടിത്തട്ടിൽനിന്ന് ഏകദേശം 6,000 മീറ്റർ വരെ ആഴത്തിൽ ഡ്രില്ലിങ് നടത്തി ഹൈഡ്രോകാർബൺ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി വിവിധ സ്ഥലങ്ങളിൽ കിണറുകൾ കുഴിക്കുന്നതിന് ജാക്-അപ് റിഗ് ഉപയോഗിച്ചു. കഴിഞ്ഞ ദിവസമാണ് ഡ്രില്ലിങ് നടപടികൾ അവസാനിച്ചത്.
കേരള-കൊങ്കൺ തടത്തിൽ നേരത്തെയും എണ്ണ, പ്രകൃതിവാതക നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനായി ഒഎൻജിസി ഉൾപ്പെടെയുള്ള കമ്പനികൾ പര്യവേഷണം നടത്തിയിരുന്നു. എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനം നടത്താൻ കഴിയുന്ന നിക്ഷേപങ്ങൾ കണ്ടെത്താനായിരുന്നില്ല.
ഇത്തവണ കൊല്ലം തീരത്ത് നടത്തിയ പര്യവേഷണം ഊർജമേഖലയിൽ പുതിയ പ്രതീക്ഷകൾക്ക് വഴിയൊരുക്കുന്നതായാണ് വിദഗ്ധർ വിലയിരുത്തുന്നത്. ആഗോളതലത്തിൽ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും വിതരണവുമായി ബന്ധപ്പെട്ട് പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളതീരത്ത് വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാവുന്ന നിക്ഷേപങ്ങൾ കണ്ടെത്താനായാൽ അത് രാജ്യത്തിന്റെ ഊർജമേഖലയ്ക്ക് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തൽ.
എന്നാൽ, ഡ്രില്ലിങ് പൂർത്തിയായത് മാത്രം എണ്ണയുടെയോ പ്രകൃതിവാതകത്തിന്റെയോ വാണിജ്യാടിസ്ഥാനത്തിലുള്ള നിക്ഷേപം സ്ഥിരീകരിക്കുന്നില്ല. പര്യവേഷണത്തിന്റെ അന്തിമഫലവും തുടർപരിശോധനകളും നിർണായകമാകും.










