
ബെംഗളൂരു: കർണാടകയിലെ വിവിധ റീട്ടെയിൽ പെട്രോൾ ഔട്ട്‌ലെറ്റുകളിൽ വിൽക്കുന്ന ഇന്ധനത്തിൽ അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ എഥനോൾ കലർന്നിട്ടുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണം നിഷേധിച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ. പെട്രോളിൽ 31 ശതമാനം വരെ എഥനോൾ കണ്ടെത്തിയെന്ന സർക്കാർ വാദം അംഗീകരിക്കാനാകില്ലെന്നും പരിശോധനയ്ക്ക് ആവശ്യമായ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നുമാണ് കമ്പനികളുടെ വിശദീകരണം.
ബെംഗളൂരു, കോലാർ, ചിക്കബെല്ലാപ്പുർ, ബെംഗളൂരു റൂറൽ, രാമനഗര, മംഗളൂരു, തുമകൂരു എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച പെട്രോൾ സാമ്പിളുകളിൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തിയെന്നാണ് കർണാടക ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി റിസ്‌വാൻ അർഷാദ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. അനുവദനീയമായ 20 ശതമാനം പരിധി മറികടന്ന സാഹചര്യത്തിൽ പ്രധാന എണ്ണ വിതരണ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎൽ) എന്നീ കമ്പനികൾ സംയുക്ത പ്രസ്താവനയിലൂടെയാണ് ആരോപണങ്ങൾ തള്ളിയത്. കർണാടകയിലുൾപ്പെടെ രാജ്യത്തുടനീളം വിതരണം ചെയ്യുന്ന ഇ20 പെട്രോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ ഐഎസ് 17021 മാനദണ്ഡങ്ങൾ പാലിച്ചാണ് ഉൽപ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതെന്ന് കമ്പനികൾ വ്യക്തമാക്കി.
സംസ്ഥാന സർക്കാർ കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ സാമ്പിൾ ശേഖരണത്തെയും പരിശോധനാ രീതിയെയും എണ്ണക്കമ്പനികൾ ചോദ്യം ചെയ്തു. 1955ലെ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ടിന് കീഴിലുള്ള മോട്ടോർ സ്പിരിറ്റ് ആൻഡ് ഹൈ സ്പീഡ് ഡീസൽ കൺട്രോൾ ഓർഡർ, മാർക്കറ്റിങ് ഡിസിപ്ലിൻ ഗൈഡ്‌ലൈൻസ് എന്നിവയിൽ നിർദേശിച്ചിട്ടുള്ള നടപടിക്രമങ്ങൾ പരിശോധനയിൽ പാലിച്ചിട്ടില്ലെന്നാണ് കമ്പനികളുടെ വാദം.
എണ്ണക്കമ്പനികളുടെ പ്രതിനിധികളെ ഉൾപ്പെടുത്താതെയാണ് സാമ്പിളുകൾ ശേഖരിച്ചതെന്നും പരിശോധനയ്ക്കായി ഔദ്യോഗികമായി അംഗീകരിച്ച ലാബുകൾക്ക് പകരം മൂന്നാംകക്ഷി ലബോറട്ടറിയുടെ സർട്ടിഫിക്കറ്റുകളാണ് ഉപയോഗിച്ചതെന്നും സംയുക്ത പ്രസ്താവനയിൽ ആരോപിക്കുന്നു. പരിശോധനയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത കമ്പനികൾ, നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കാതെയുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി.










