
ന്യൂഡൽഹി: പെട്രോളിൽ കലർത്തുന്നതിനായി പഞ്ചസാരയിൽനിന്ന് ഉത്പാദിപ്പിക്കുന്ന എഥനോൾ വാങ്ങേണ്ടതില്ലെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ. 2026–27 വിതരണവർഷത്തിൽ കരിമ്പുനീര്, പഞ്ചസാര സിറപ്പ്, ബി-ഹെവി മൊളാസസ് എന്നിവയിൽനിന്ന് ഉത്പാദിപ്പിക്കുന്ന എഥനോൾ സംഭരിക്കേണ്ടെന്നാണ് തീരുമാനം. ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കണമെന്ന കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എഥനോൾ ചേർത്ത പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ ഇന്ധനക്ഷമത കുറയ്ക്കുമെന്നും ചില വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുമെന്നുമുള്ള ആശങ്കകൾ നേരത്തേ ഉയർന്നിരുന്നു. ഇതിനു പിന്നാലെ പഞ്ചസാരയുടെ ലഭ്യതയെയും വിലയെയും ബാധിക്കുമെന്ന ചർച്ചകളും ശക്തമായി. പെട്രോളിയം ഇറക്കുമതി കുറയ്ക്കുക, വാഹനങ്ങളിൽനിന്നുള്ള മലിനീകരണം നിയന്ത്രിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പെട്രോളിൽ എഥനോൾ കലർത്തുന്ന പദ്ധതി നടപ്പാക്കുന്നത്.
2026 നവംബറിൽ ആരംഭിക്കുന്ന പുതിയ വിതരണവർഷത്തേക്കുള്ള എഥനോൾ സംഭരണത്തിനായി ഭാരത് പെട്രോളിയം ഒക്ടോബർ 16-ന് പുറത്തിറക്കിയ ടെൻഡറിൽ 1,100 കോടി ലിറ്റർ എഥനോളാണ് എണ്ണ മാർക്കറ്റിങ് കമ്പനികൾക്കായി ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചസാരയിൽനിന്നുള്ള എഥനോൾ ഒഴിവാക്കുന്നതിനൊപ്പം ചോളത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന എഥനോളിന്റെ സംഭരണവിലയും കുറച്ചിട്ടുണ്ട്. ലിറ്ററിന് 71.86 രൂപയായിരുന്ന വില 68.86 രൂപയായാണ് താഴ്ത്തിയത്.
എഥനോൾ ഉത്പാദനത്തിനായി പഞ്ചസാര ഉപയോഗിക്കുന്നത് പൂജ്യത്തിലെത്തിക്കണമെന്ന കേന്ദ്ര നിർദേശമാണ് തീരുമാനത്തിന് പിന്നിലെന്ന് ടെൻഡർ രേഖയിൽ വ്യക്തമാക്കുന്നു. എഥനോൾ മിശ്രിത പെട്രോൾ പദ്ധതി തുടരുമ്പോഴും ഭക്ഷ്യാവശ്യങ്ങൾക്കുള്ള പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കുന്നതിനാണ് പുതിയ നിയന്ത്രണങ്ങൾ ലക്ഷ്യമിടുന്നത്.










