
ദോഹ: ലെബനൺ തീരദേശത്ത് സ്ഥിതി ചെയ്യുന്ന പുതിയ എണ്ണ–വാതക ബ്ലോക്കിൽ ഖത്തർഎനർജി പങ്കാളിയായതായി അധികൃതർ അറിയിച്ചു. ലെബനൺ സർക്കാർ, ടോട്ടൽഎനർജീസ്, എനി എന്നിവരുമായി ഖത്തർഎനർജി ഇതുസംബന്ധിച്ച കരാർ ഒപ്പുവച്ചു.
കരാർ പ്രകാരം ബ്ലോക്ക് 8-ൽ ഖത്തർഎനർജിക്ക് 30 ശതമാനം ഓഹരി ലഭിക്കും. പദ്ധതിയുടെ ഓപ്പറേറ്ററായ ടോട്ടൽഎനർജീസിനും എനിക്കും ഓരോരുത്തർക്കും 35 ശതമാനം വീതം ഓഹരിയുണ്ടാകും.
കരാറിനെക്കുറിച്ച് പ്രതികരിച്ച ഊർജകാര്യ സഹമന്ത്രി കൂടിയായ ഖത്തർഎനർജി പ്രസിഡന്റ്‌യും സി.ഇ.ഒയുമായ സാദ് ഷെരീദ അൽ കഅബി, ലെബനണിന്റെ എണ്ണ–വാതക മേഖലയിലെ വികസനത്തിന് പിന്തുണ നൽകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു. ലെബനണിന്റെയും അവിടുത്തെ ജനങ്ങളുടെയും ഭാവിയിലേക്കുള്ള ഖത്തറിന്റെ തുടർച്ചയായ പ്രതിബദ്ധതയാണ് ഈ നിക്ഷേപം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ കരാർ യാഥാർത്ഥ്യമാക്കുന്നതിന് പിന്തുണ നൽകിയ ലെബനൺ ഊർജ–ജലകാര്യ മന്ത്രി ജോസഫ് സാദിയും സംഘവും അർഹിക്കുന്ന അഭിനന്ദനം അർപ്പിച്ച അൽ കഅബി, ടോട്ടൽഎനർജീസും എനിയും ഉൾപ്പെടെയുള്ള പങ്കാളികളുമായി സഹകരണം തുടരാനാകുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.
ലെബനണിന്റെ തെക്കൻ തീരത്തിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയായി, 1700 മുതൽ 2100 മീറ്റർ വരെ ആഴമുള്ള കടൽ പ്രദേശത്താണ് ബ്ലോക്ക് 8 സ്ഥിതിചെയ്യുന്നത്











