
രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് പുതിയ അധ്യായം തുറന്ന് ഓഫ്‌ലൈൻ യുപിഐ 'ടാപ്പ് ആൻഡ് പേ' സംവിധാനം ഇന്ത്യ അവതരിപ്പിക്കാനൊരുങ്ങുന്നു. ഇന്റർനെറ്റ് ലഭ്യമല്ലാത്ത സാഹചര്യങ്ങളിലും സ്മാർട്ട്‌ഫോണിലൂടെ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കുന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ സംവിധാനം പ്രവർത്തിക്കുക. നിലവിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ ലഭ്യമായ 'ടാപ്പ് ആൻഡ് പേ' മാതൃകയിലായിരിക്കും യുപിഐ ഇടപാടുകളും നടക്കുക.
ഇത് ഉപയോഗിക്കാൻ ആദ്യം ഇന്റർനെറ്റ് ലഭ്യമായിരിക്കുമ്പോൾ ഉപയോക്താക്കൾ യുപിഐ ലൈറ്റ് വാലറ്റിൽ തുക ലോഡ് ചെയ്യണം. തുടർന്ന് എൻഎഫ്സി സൗകര്യമുള്ള സ്മാർട്ട്‌ഫോൺ അനുയോജ്യമായ പിഒഎസ് മെഷീനിൽ ടാപ്പ് ചെയ്താൽ, ഫോണുകളിലും പിഒഎസ് ഉപകരണത്തിനും ഇന്റർനെറ്റ് ഇല്ലെങ്കിലും പേയ്‌മെന്റ് പൂർത്തിയാക്കാൻ കഴിയും.
പ്രീലോഡ് ചെയ്ത യുപിഐ ലൈറ്റ് ബാലൻസിൽ നിന്നുള്ള ഇടപാടുകൾക്ക് യുപിഐ പിൻ നൽകേണ്ടതില്ലെന്നതും ഈ സംവിധാനത്തിന്റെ മറ്റൊരു സവിശേഷതയാണ്. വിമാനയാത്രകൾക്കിടയിലും ഭൂഗർഭ മെട്രോ സ്റ്റേഷനുകളിലും നെറ്റ്‌വർക്ക് പരിമിതമായ ഗ്രാമപ്രദേശങ്ങളിലും സിഗ്നൽ ദുർബലമായ വലിയ കെട്ടിടങ്ങളിലുമെല്ലാം ഇത് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ.
ഓഫ്‌ലൈൻ 'ടാപ്പ് ആൻഡ് ഗോ' സംവിധാനത്തിലൂടെ 2,000 രൂപ വരെ പേയ്‌മെന്റുകൾ നടത്താനാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച അന്തിമ മാർഗ്ഗനിർദ്ദേശങ്ങൾ നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഇതുവരെ പുറത്തിറക്കിയിട്ടില്ല. നിലവിൽ ഓഫ്‌ലൈൻ ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേക പരിധികളാണ് നിശ്ചയിച്ചിരിക്കുന്നത്.
ഓഫ്‌ലൈൻ യുപിഐ ഇടപാടുകൾക്കായുള്ള ഇന്ത്യയുടെ ആദ്യ സംരംഭമല്ല ഇത്. 2023-ൽ നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അവതരിപ്പിച്ച UPI Lite X വഴി എൻഎഫ്സി സൗകര്യമുള്ള രണ്ട് സ്മാർട്ട്‌ഫോണുകൾ തമ്മിൽ ഓഫ്‌ലൈൻ ഇടപാടുകൾ സാധ്യമായിരുന്നു. എന്നാൽ പുതിയ സംവിധാനം അതിലും ഒരു പടി മുന്നിലാണ്. ഇനി രണ്ട് ഫോണുകൾ തമ്മിൽ മാത്രമല്ല, നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ച ഓഫ്‌ലൈൻ പിഒഎസ് ടെർമിനലുള്ള ഏത് വ്യാപാര സ്ഥാപനത്തിലും ഇന്റർനെറ്റില്ലാതെ യുപിഐ വഴി പണം നൽകാൻ ഉപയോക്താക്കൾക്ക് സാധിക്കും.










