
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ ജീവനക്കാർ സംഘടിപ്പിച്ച ഓണാഘോഷം സംഘർഷത്തിൽ കലാശിച്ചു. ജയിൽ ജീവനക്കാരുടെ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്കിടെയാണ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടിയത്. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ ഡിജെ പാർട്ടി നടക്കുന്നതിനിടെയായിരുന്നു സംഭവം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ജയിൽ ജീവനക്കാർ ഓണാഘോഷത്തിൽ പങ്കെടുത്തിരുന്നു. ജയിൽ ഡിജിപി നേരത്തേ പരിപാടി ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ രാത്രി ഡിജെ പാർട്ടി ആരംഭിച്ചതോടെ ചില ജീവനക്കാർ വേദിയിലേക്ക് തള്ളിക്കയറാനും നൃത്തം ചെയ്യാനും ശ്രമിച്ചതോടെയാണ് വാക്കേറ്റവും തുടർന്ന് സംഘർഷവും ഉണ്ടായതെന്നാണ് വിവരം.
അടിപിടിയിൽ ഒരു ഉദ്യോഗസ്ഥന്റെ കണ്ണിന് പരുക്കേറ്റു. മറ്റ് ചില ജീവനക്കാർക്കും പരുക്കേറ്റതായാണ് വിവരം. സംഭവത്തിൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ല.
അതേസമയം, സംഘർഷത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജയിൽ ഡിജിപി നിർദേശം നൽകിയതായാണ് വിവരം.










