
ദോഹ: ഖത്തറിലെ ഔദ്യോഗിക ദുഃഖാചരണ വേളകളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുന്നത് (Half-mast) സംബന്ധിച്ച ഔദ്യോഗിക നിയമങ്ങളും പ്രോട്ടോക്കോളും ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (GCO) പുറത്തുവിട്ടു. 2012-ലെ 14-ാം നമ്പർ നിയമപ്രകാരമുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് മന്ത്രാലയം വിശദീകരിച്ചിരിക്കുന്നത്.
പതാക പകുതി താഴ്ത്തിക്കെട്ടുന്നതിനായി ആദ്യം പതാക സ്തംഭത്തിന്റെ (Flagpole) ഏറ്റവും മുകളറ്റം വരെ ഉയർത്തണം. അതിനുശേഷമാണ് പകുതി ഭാഗത്തേക്ക് താഴ്ത്തേണ്ടത്. പതാകയുടെ മധ്യഭാഗം പതാക സ്തംഭത്തിന്റെ മധ്യഭാഗത്തിന് നേരെ വരുന്ന രീതിയിലായിരിക്കണം ഇത് ക്രമീകരിക്കേണ്ടത്.
ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള ദുഃഖാചരണ കാലയളവ് മുഴുവൻ പതാക ഇതേ രീതിയിൽ പകുതി താഴ്ത്തിത്തന്നെ നിലനിർത്തണം. ദുഃഖാചരണ കാലാവധി അവസാനിക്കുമ്പോൾ പതാക വീണ്ടും സ്തംഭത്തിന്റെ മുകളറ്റം വരെ ഉയർത്തിയ ശേഷമേ സാധാരണ രീതിയിൽ താഴേക്ക് ഇറക്കാവൂ.ദേശീയ പതാകയുടെ അന്തസ്സും പ്രൗഢിയും കാത്തുസൂക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് ജി.സി.ഒ ഓർമ്മിപ്പിച്ചു. പതാക നല്ല രീതിയിൽ സംരക്ഷിക്കപ്പെടണം. പതാക ഉയർത്തുമ്പോഴോ, പകുതി താഴ്ത്തിക്കെട്ടുമ്പോഴോ, അല്ലെങ്കിൽ പൂർണ്ണമായി താഴെയിറക്കുമ്പോഴോ യാതൊരു കാരണവശാലും അത് നിലത്തു മുട്ടാൻ പാടില്ലെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
ഔദ്യോഗിക ദുഃഖാചരണ വേളകളിൽ ഖത്തർ ദേശീയ പതാക പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്.











