
തിരുവനന്തപുരം: ഓഫീസ് ലോക്കറിൽ 100 രൂപ അധികം കണ്ടെടുത്ത സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ സസ്പെൻഷൻ നടപടി. ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നുള്ള ഏഴുപേർക്കെതിരെയാണ് നടപടി.. അവധിയിലായിരുന്ന ഉദ്യോഗസ്ഥനെയടക്കം സസ്പെൻഡ് ചെയ്തു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സെപ്റ്റംബർ ഒമ്പതിന് വൈകുന്നേരം നാലരയോടെ വിതുരയിൽ നിന്നെത്തിയ ഉദ്യോഗാർത്ഥി കെ-ടെറ്റ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം. അന്ന് കാഷ് ബുക്ക് അടച്ചതിനെ തുടർന്ന് ഫീസായ നൂറുരൂപ അടുത്ത ദിവസത്തേ കണക്കിൽ വരവാക്കി. രസീതും നൽകിയിരുന്നു. എന്നാൽ, പിറ്റേന്ന് പരിശോധനയ്ക്കെത്തിയ സംഘം ലോക്കറിൽ നൂറ് രൂപ ‘അധികം’ കണ്ടെടുത്തതോടെ പ്രശ്നമാകുകയായിരുന്നു. ഫീസ് വാങ്ങിയ ദിവസം അവധിയിലായിരുന്ന ഉദ്യോഗസ്ഥനടക്കം നാലു ജൂനിയർ സൂപ്രണ്ടുമാർ, രണ്ടു ക്ലാർക്ക്, ഒരു പിഎ എന്നിങ്ങനെ ഏഴുപേർക്കാണ് സസ്പെൻഷൻ.
ഇതുകൂടാതെ, എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് തുക വിതരണം ചെയ്തില്ലെന്നാരോപണവും ഉയർന്നു. പക്ഷേ, സ്കോളർഷിപ്പുകൾ രക്ഷിതാക്കൾ പരീക്ഷാഭവന്റെ വെബ്‌സൈറ്റിലൂടെ നേരിട്ടാണ് അപേക്ഷിക്കുന്നത്. ബാങ്ക് അക്കൗണ്ടിലെ പിശകുകൾ മൂലം ചില തുകകൾ തിരിച്ചുവരാറുണ്ടെന്നും, പരിശോധനയ്ക്ക് ശേഷം മാത്രമേ ഓഫീസ് അത് വിതരണം ചെയ്യാറുള്ളൂവെന്നുമാണ് വിശദീകരണം.
വസ്തുതകൾ പിന്നീട് ബോധ്യപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഷൻ പിൻവലിക്കാൻ ഉത്തരവിട്ടെങ്കിലും, സ്ഥാനക്കയറ്റം നിഷേധിക്കൽ ഉൾപ്പെടെയുള്ള അച്ചടക്കനടപടി തുടരാനായി ചാർജ് മെമ്മോ നൽകി.
സ്കൂൾ ജീവനക്കാരുടെ ആദായനികുതി വിവരങ്ങൾ മതത്തിന്റെ പേരിൽ ചോദിച്ചതിന് നേരത്തെ നടപടി നേരിട്ടിരുന്ന ഉദ്യോഗസ്ഥർ തന്നെയായിരുന്നു ഈ പരിശോധനാസംഘത്തിലുണ്ടായിരുന്നത് എന്നും ആരോപണമുണ്ട്.









