
കോഴിക്കോട്: എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനെ മന്ത്രി ആക്കാമെന്ന വാഗ്ദാനവുമായി എത്തിയ വാട്സാപ്പ് കോളിന്റെ ഉറവിടം ഡൽഹിയാണെന്ന് സൈബർ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ വിളിക്കാൻ ഉപയോഗിച്ച ഫോൺ നമ്പർ വ്യാജമാണെന്നും, മ്യൂൾ അക്കൗണ്ട് വഴിയാണ് കോൾ നടത്തിയതെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
സംഭവത്തിൽ വിദ്യാ ബാലകൃഷ്ണന് ലഭിച്ചതുപോലുള്ള ഫോൺവിളികൾ മറ്റ് ചില ജനപ്രതിനിധികൾക്കും ലഭിച്ചിട്ടുണ്ടെന്ന സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ സംഘടിത ഗൂഢാലോചനയുണ്ടോയെന്നതടക്കം എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.
ഈ മാസം ആറിനാണ് വിദ്യാ ബാലകൃഷ്ണന് വാട്സാപ്പിലൂടെ കോൾ ലഭിച്ചത്. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫിസിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയ വ്യക്തി, മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രി സ്ഥാനമൊരുക്കാമെന്നായിരുന്നു വാഗ്ദാനം. ഇതിനെ തുടർന്ന് എംഎൽഎ സൈബർ പൊലീസിൽ പരാതി നൽകി.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച വിദ്യാ ബാലകൃഷ്ണൻ, പാർട്ടി നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് പരാതി നൽകിയതെന്ന് വ്യക്തമാക്കി. സമൂഹത്തിൽ ഇത്തരം തട്ടിപ്പുകൾ വർധിച്ചുവരികയാണെന്നും സാധാരണക്കാർ ഇത്തരം വഞ്ചനകളിൽ കുടുങ്ങാതിരിക്കാനാണ് നിയമനടപടി സ്വീകരിച്ചതെന്നും അവർ പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും, ആവശ്യമായ പ്രതികരണം പാർട്ടി നേതൃത്വം നടത്തുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
'രാജ് കുമാർ' എന്ന പേരിൽ വിളിച്ച വ്യക്തി, പ്രിയങ്ക ഗാന്ധിയുടെ ഓഫിസിൽ നിന്നാണെന്ന് അവകാശപ്പെട്ടിരുന്നു. ജില്ലയിലെ ഒരു എംപിയിൽ നിന്നാണ് വിദ്യാ ബാലകൃഷ്ണന്റെ ഫോൺ നമ്പർ ലഭിച്ചതെന്നും ഇയാൾ പറഞ്ഞു. മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇംഗ്ലീഷിൽ വിശദീകരിച്ച് ഏകദേശം പത്ത് മിനിറ്റോളം സംസാരിച്ചതോടെ സംശയം തോന്നിയ എംഎൽഎ, പണം പിന്നീട് നൽകാമെന്ന് മറുപടി നൽകി.
തുടർന്ന് തന്റെ നമ്പർ കൈമാറിയതായി പറഞ്ഞ എംപിയുമായി വിദ്യാ ബാലകൃഷ്ണൻ ബന്ധപ്പെട്ടപ്പോൾ, എഐസിസി ആസ്ഥാനത്ത് നിന്നാണെന്ന് പറഞ്ഞ ഒരാൾ വിളിച്ച് ജില്ലയിലെ രണ്ട് എംഎൽഎമാരുടെ ഫോൺ നമ്പറുകൾ വാങ്ങിയിരുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്.
ഇതോടെ പ്രിയങ്ക ഗാന്ധിയുടെ വയനാട് ഓഫിസിലും എഐസിസി ആസ്ഥാനത്തുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ അത്തരമൊരു ഫോൺവിളി ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പാർട്ടി നേതൃത്വത്തിന്റെ നിർദേശപ്രകാരം കഴിഞ്ഞ ശനിയാഴ്ച സൈബർ പൊലീസിൽ ഔദ്യോഗിക പരാതി നൽകുകയായിരുന്നു. അന്വേഷണം തുടരുകയാണ്.










