
അധ്യാപകന്റെ ദീർഘകാല ലൈംഗിക പീഡനത്തെ തുടർന്ന് സ്വയം തീകൊളുത്തിയ വിദ്യാർത്ഥിനി മരിച്ചു. ഒഡീഷയിലെ ബാലസോറിലുള്ള ഫക്കീർ മോഹൻ ഓട്ടോണമസ് കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ചികിത്സയിലിരിക്കെയാണ് ഇരുപതുകാരിയുടെ മരണം സംഭവിച്ചത്. ഇന്നലെ രാഷ്ട്രപതി ദ്രൗപതി മുർമു വിദ്യാർത്ഥിനിയെ കാണാനെത്തിയിരുന്നു.
ജൂലൈ 14 ന് രാത്രി 11:46 ന് പെൺകുട്ടി മരണത്തിന് കീഴടങ്ങിയെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. ഒഡീഷ മുഖ്യമന്ത്രി മാഝി ദുഃഖം രേഖപ്പെടുത്തുകയും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
കോളേജ് ഡിപ്പാർട്ട്‌മെന്റ് മേധാവിക്കെതിരായ ലൈംഗിക പീഡന പരാതികൾ താൻ ആവർത്തിച്ചിട്ടും പ്രിൻസിപ്പലും കോളേജ് അധികൃതരും അത് ശ്രദ്ധിച്ചില്ലെന്ന് ആരോപിച്ചാണ് വിദ്യാർത്ഥിനി സ്വയം തീകൊളുത്തിയത്. എജ്യുക്കേഷൻ ഡിപ്പാർട്ട്മെൻറ് മേധാവിയായ സമീർ കുമാർ സാഹു, തന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ അക്കാദമിക് റെക്കോർഡ‍് കുഴപ്പത്തിലാക്കുമെന്നും കരിയർ നശിപ്പിക്കുമെന്നും പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ലൈംഗികാതിക്രമം തുടർച്ചയായപ്പോൾ പെൺകുട്ടി പ്രിൻസിപ്പലിന് പരാതി നൽകി. ആഭ്യന്തര പരാതിപരിഹാരസമിതിയെയും സമീപിച്ചു. ഗുരുതര ആരോപണം ഉയർന്നിട്ടും പരാതി അന്വേഷിക്കാനോ അധ്യാപകനെതിരെ നടപടിയെടുക്കാനോ തയാറാകാതെ പ്രശ്നം മൂടിവയ്ക്കാനും ഒതുക്കിത്തീർക്കാനുമാണ് പ്രിൻസിപ്പലും സഹ അധ്യാപകരും ശ്രമിച്ചത്.











