
ഒഡിഷയിൽ കന്യാസ്ത്രീയ്ക് നേരേ ആക്രമണം. മതപരിവർത്തനം ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീയെ ട്രെയിനിൽനിന്ന് പിടിച്ചിറക്കി മർദ്ദിച്ചത്. മേയ് 31-ന് രാത്രിയിൽ രാജധാനി എക്സ്പ്രസിൽ സഞ്ചരിക്കുമ്പോഴായിരുന്നു ഇരുപത്തൊൻപതുകാരിയായ കന്യാസ്ത്രീ ആക്രമണത്തിനിരയായത്.
പ്രായപൂർത്തിയാകാത്ത സഹോദരൻ ഉൾപ്പെടെ മറ്റു നാലുപേർക്കൊപ്പം യാത്ര ചെയ്യവേയാണ് കന്യാസ്ത്രീ ആക്രമണത്തിനിരയായത്. കന്യാസ്ത്രീ കുട്ടിക്കടത്തും മതപരിവർത്തനവും നടത്തുകയാണെന്നാരോപിച്ച് ബലം പ്രയോഗിച്ച് കോർബ സ്റ്റേഷനിൽ ഇറക്കുകയായിരുന്നു. രാത്രി പതിനൊന്ന് മണിക്കായിരുന്നു സംഭവം.
താൻ കന്യാസ്ത്രീയാണെന്നും കാലങ്ങളോളം കത്തോലിക്കാ സഭയുടെ വിശ്വാസിയാണെന്നും പറഞ്ഞ് ഐഡി കാർഡുകളടക്കം കാണിച്ചെങ്കിലും ബജ്റംഗ്ദൾ പ്രവർത്തകർ വെറുതെവിട്ടില്ലെന്നും ആൾക്കൂട്ട വിചാരണനടത്തിയെന്നുമാണ് പരാതി. പിന്നീട് പോലീസും മനുഷ്യാവകാശ പ്രവർത്തകരും ഇടപെട്ട് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.











