11:09pm 26 April 2026
NEWS
കുടുംബശ്രീ പ്രവർത്തനങ്ങൾ പഠിക്കാൻ ഒഡീഷ മിഷൻ ശക്തി സംഘം എറണാകുളത്ത്
26/04/2026  08:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുടുംബശ്രീ പ്രവർത്തനങ്ങൾ പഠിക്കാൻ ഒഡീഷ മിഷൻ ശക്തി സംഘം എറണാകുളത്ത്

എറണാകുളം: കേരളത്തിലെ കുടുംബശ്രീ മിഷന്റെ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി ഒഡീഷ സംസ്ഥാനത്തെ മിഷൻ ശക്തി (Mission Shakti), സുബർണപൂർ ജില്ലാ സംഘാംഗങ്ങൾ എറണാകുളം ജില്ലയിലെ കുടുംബശ്രീ മിഷൻ സന്ദർശിച്ചു.

2026 ഏപ്രിൽ 25-ന് നടന്ന സന്ദർശനത്തിന്റെ ഭാഗമായി സംഘം എറണാകുളം ജില്ലാ മിഷൻ ഓഫീസ് സന്ദർശിച്ച് ജില്ലാ മിഷൻ ടീമുമായി ആശയവിനിമയം നടത്തി. കൂടിക്കാഴ്ചയിൽ കുടുംബശ്രീയുടെ വിവിധ പ്രവർത്തനങ്ങൾ വിശദമായി അവതരിപ്പിക്കുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.

തുടർന്ന് കെ-ഫോർ കെയർ, സ്വാന്തനം മിത്രം, ഹരിത കര്‍മ്മ സേന തുടങ്ങിയ പദ്ധതികളെക്കുറിച്ച് വിശദമായ അവതരണം നടന്നു. വിവിധ മേഖലകളിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ പ്രവർത്തനരീതി, നേട്ടങ്ങൾ, സമൂഹത്തിൽ ഉണ്ടാക്കുന്ന സ്വാധീനം എന്നിവ സംഘം വിശദമായി അവലോകനം ചെയ്തു.

ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി. എം. റെജീന പദ്ധതികളുടെ ആസൂത്രണം മുതൽ നടപ്പാക്കൽ വരെയുള്ള ഘട്ടങ്ങൾ വിശദീകരിച്ചു. കുടുംബശ്രീയുടെ സംഘടനാ ഘടന, സമൂഹാടിസ്ഥാനത്തിലുള്ള ഇടപെടലുകൾ, വനിത ശാക്തീകരണ പ്രവർത്തനങ്ങൾ, വരുമാനോത്പാദന പദ്ധതികൾ തുടങ്ങിയവയും അവതരിപ്പിച്ചു.

ഇതിനൊപ്പം വിവിധ പദ്ധതികൾ വഴി കൈവരിച്ച നേട്ടങ്ങൾ, മികച്ച പ്രവർത്തന മാതൃകകൾ, മറ്റ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കാവുന്ന സാധ്യതകൾ എന്നിവയും സംഘം പങ്കുവെച്ചു.

സന്ദർശനത്തിന്റെ ഭാഗമായി സംഘം എടത്തല  ന്യൂട്രിമിക്സ് യൂണിറ്റും അങ്കമാലിയിലെ പ്രീമിയം കഫെയും സന്ദർശിച്ച് സംരംഭങ്ങളുടെ പ്രവർത്തനരീതി നേരിട്ട് മനസ്സിലാക്കി. ജില്ലാ പ്രോഗ്രാം മാനേജർമാരായ കെ. എം അനൂപ് , പി. എ. അജിത്  എന്നിവർ സംഘത്തെ അനുഗമിച്ചു.

സംഘത്തിന്റെ പഠനസന്ദർശനം ഇനി രണ്ടുദിവസം കൂടി ജില്ലയിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. കേരളത്തിലെ കുടുംബശ്രീ മാതൃക മറ്റ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്നതിനുള്ള പഠനത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം സംഘടിപ്പിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img