
ഭുവനേശ്വർ: വെറും 100 രൂപയുടെ നിക്ഷേപത്തിൽ തുടങ്ങിയ നാരങ്ങക്കൃഷി ഇന്ന് ഒരു കോടിയിലധികം വാർഷിക വിറ്റുവരവുള്ള ബിസിനസ് സാമ്രാജ്യമായി വളർന്നിരിക്കുകയാണ്. ഒഡിഷയിലെ അംഗുൽ ജില്ലയിലെ ഓഗി ഗ്രാമത്തിൽ നിന്നുള്ള സന്തോഷ് സാഹുവാണ് ഈ വിജയത്തിന് പിന്നിൽ. പിതാവ് നട്ടുവളർത്തിയ ചെറിയൊരു നാരങ്ങത്തോട്ടത്തെ അന്താരാഷ്ട്ര വിപണികളിലേക്ക് വരെ വ്യാപിച്ച സംരംഭമാക്കി മാറ്റിയിരിക്കുകയാണ് അദ്ദേഹം.
യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് നാരങ്ങ കയറ്റുമതി ചെയ്യുന്ന സന്തോഷിന്റെ സംരംഭം ഇന്ന് 200ലധികം കർഷകർക്ക് വരുമാനമാർഗം കൂടിയാണ്. ഗ്രാമത്തിലെ പരമ്പരാഗത കാഗ്സി നാരങ്ങയ്ക്ക് വലിയ വിപണി കണ്ടെത്താനും അദ്ദേഹത്തിന് കഴിഞ്ഞു.
ഏകദേശം 15 വർഷം മുൻപാണ് ഈ വിജയകഥയുടെ തുടക്കം. ആനകളുടെയും കുരങ്ങന്മാരുടെയും ആക്രമണത്തിൽ നെല്ല്, നിലക്കടല തുടങ്ങിയ കൃഷികൾ തുടർച്ചയായി നശിച്ചതോടെ മറ്റൊരു കൃഷിരീതി തേടുകയായിരുന്നു സന്തോഷിന്റെ പിതാവ് കാർത്തിക സാഹു. ഒടുവിൽ നാരങ്ങക്കൃഷിയിലേക്ക് തിരിഞ്ഞ അദ്ദേഹം ഹോർട്ടികൾച്ചർ വകുപ്പിൽ നിന്ന് 50 കാഗ്സി നാരങ്ങത്തൈകൾ വാങ്ങി. ഒരു തൈയ്ക്ക് രണ്ട് രൂപയായിരുന്നു വില. ആകെ നിക്ഷേപം വെറും 100 രൂപ.
തോട്ടത്തിൽ നാരങ്ങകൾ വിളയാൻ തുടങ്ങിയതോടെ ഗ്രാമത്തിലെ മറ്റ് കർഷകരും ഈ കൃഷിയിലേക്ക് ആകർഷിക്കപ്പെട്ടു. എന്നാൽ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ ആവശ്യത്തിന് വിപണി ലഭിക്കാത്തത് കർഷകർക്ക് വെല്ലുവിളിയായി. ഏഴ് വർഷത്തിന് ശേഷം പിതാവിന്റെ മരണത്തോടെ കൃഷിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത സന്തോഷ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയായിരുന്നു.
കർഷകരിൽ നിന്ന് നാരങ്ങകൾ ശേഖരിച്ച് വലിയ വിപണികളിൽ എത്തിക്കുന്ന രീതിക്കാണ് അദ്ദേഹം തുടക്കമിട്ടത്. ഇതോടെ പ്രാദേശിക വിപണികളെ മാത്രം ആശ്രയിച്ചിരുന്ന കർഷകർക്ക് കൂടുതൽ വാങ്ങലുകാരെ കണ്ടെത്താനും വലിയ അളവിൽ ഉൽപന്നങ്ങൾ വിറ്റഴിക്കാനും അവസരമൊരുങ്ങി.
നിലവിൽ ഒരേക്കർ സ്ഥലത്ത് ഏകദേശം 120 നാരങ്ങച്ചെടികളാണ് സന്തോഷിന്റെ തോട്ടത്തിലുള്ളത്. സ്വന്തം കൃഷിക്ക് പുറമെ 200ലധികം കർഷകരിൽ നിന്നും അദ്ദേഹം നാരങ്ങ വാങ്ങുന്നുണ്ട്. അംഗുൽ, ഭുവനേശ്വർ, കട്ടക്ക്, ധെങ്കനാൽ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ശേഖരിക്കുന്നത്. ജാർഖണ്ഡിലെ ജംഷഡ്പൂരിലേക്കും വ്യാപിച്ച സംരംഭം ഇപ്പോൾ വിദേശ വിപണികളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.
100 നാരങ്ങകൾക്ക് 220 മുതൽ 280 രൂപ വരെയാണ് കർഷകർക്ക് സന്തോഷ് നൽകുന്നത്. പിന്നീട് ഇവ 300 മുതൽ 320 രൂപ വരെ വിലയ്ക്ക് വിൽക്കുന്നു. മൊത്തം വിറ്റുവരവിന്റെ ഏകദേശം 60 ശതമാനവും നാരങ്ങ വാങ്ങുന്നതിനായി ചെലവഴിക്കുന്നു. നാരങ്ങത്തൈകൾ ഒന്നിന് 20 രൂപ നിരക്കിലും വിൽക്കുന്നുണ്ട്. ഇതുവഴി വാർഷിക വിറ്റുവരവ് ഒരു കോടി രൂപ കടന്നതായി സന്തോഷ് പറയുന്നു.
കാഗ്സി നിംബു ഇനത്തിൽപ്പെട്ട നാരങ്ങകളാണ് തോട്ടത്തിൽ കൃഷി ചെയ്യുന്നത്. നേർത്ത തൊലിയും ധാരാളം നീരുമുള്ളതാണ് ഈ ഇനത്തിന്റെ പ്രത്യേകത. നട്ടുപിടിപ്പിച്ച് മൂന്ന് മുതൽ നാല് വർഷത്തിനുള്ളിൽ ചെടികൾ കായ്ക്കാൻ തുടങ്ങും. 12 അടി ഉയരത്തിലെത്തുന്ന ഒരു മരത്തിൽ നിന്ന് വിളവെടുപ്പ് കാലത്ത് ആഴ്ചയിൽ 1,000ത്തിലധികം നാരങ്ങകൾ ലഭിക്കാം. പത്തടി ഉയരമുള്ള ചെടിയിൽ നിന്ന് 600ലധികം നാരങ്ങകൾ ലഭിക്കുമെന്നും സന്തോഷ് പറയുന്നു.
സന്തോഷിന്റെ സംരംഭം ഗ്രാമത്തിന്റെ കാർഷിക സമ്പദ്വ്യവസ്ഥയിലും വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഗ്രാമത്തിലെ 700 കുടുംബങ്ങളിൽ ഏകദേശം 500 കുടുംബങ്ങളും ഇപ്പോൾ നാരങ്ങക്കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നു. ഗ്രാമത്തിലും സമീപപ്രദേശങ്ങളിലുമായി 150 ഏക്കറിലധികം സ്ഥലത്താണ് കൃഷി വ്യാപിച്ചിരിക്കുന്നത്.
നാരങ്ങക്കൃഷിയിലൂടെ ഒരു കർഷകന് പ്രതിവർഷം ശരാശരി 25,000 മുതൽ 30,000 രൂപ വരെ വരുമാനം നേടാനാകും. ഗ്രാമത്തിലെ മറ്റൊരു കർഷകൻ ഒന്നര ഏക്കറിൽ 200ഓളം നാരങ്ങത്തൈകൾ നട്ട് രണ്ട് വിളവെടുപ്പ് സീസണുകളിലായി ഏകദേശം 80,000 രൂപ സമ്പാദിക്കുന്നുണ്ട്.
പിതാവിന്റെ 100 രൂപയുടെ പരീക്ഷണം ഇന്ന് നൂറുകണക്കിന് കുടുംബങ്ങൾക്ക് ഉപജീവനമാർഗവും വിദേശ വിപണികളിലേക്ക് വളർന്ന സംരംഭവുമായി മാറിയിരിക്കുകയാണ്. കൃഷിയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കാൻ ഉൽപാദനത്തോടൊപ്പം വിപണനത്തിനും പ്രാധാന്യം നൽകണമെന്നതിന്റെ ഉദാഹരണം കൂടിയാണ് സന്തോഷ് സാഹുവിന്റെ ഈ യാത്ര.










