
ബ്രാഹ്‌മണന്റെ കാൽ കഴുകിപ്പിച്ച് വെള്ളം കുടിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ നാലുപേരെ പ്രതിചേർത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുരുഷോത്തം ഖുശ്വാഹ എന്ന പിന്നാക്ക വിഭാഗക്കാരനെ ഉപയോഗിച്ചാണ് ബ്രാഹ്മണന്റെ കാൽ കഴുകിപ്പിക്കുകയും ആ വെള്ളം കുടിപ്പിക്കുകയും ചെയ്തത്.
ധമോഹ് ജില്ലയിലാണ് ഗ്രാമസഭ കൂടി പുരുഷോത്തം ഖുശ്വാഹയെ കൊണ്ട് ബ്രാഹ്മണന്റെ കാൽ കഴുകിപ്പിച്ചത്. ബ്രാഹ്‌മണനെ അപമാനിച്ചുവെന്നാരോപിച്ചായിരുന്നു പ്രായശ്ചിത്തം ചെയ്യിപ്പിച്ചത്. പുരുഷോത്തം മാപ്പ് പറയുകയും കാൽ കഴുകുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
നിർമിത ബുദ്ധിയുടെ സഹായത്തോടെ പുരുഷോത്തം തയാറാക്കിയ ഒരു വീഡിയോ വിവാദമായിരുന്നു. അനുജ് പാണ്ഡെയെന്നയാൾ ഷൂമാല ധരിച്ചുനിൽക്കുന്നതായിരുന്നു വീഡിയോ. ഇതു പ്രചരിച്ചതോടെയാണ് അമർഷം പുകഞ്ഞത്. 15 മിനിറ്റിനുള്ളിൽ വീഡിയോ നീക്കം ചെയ്യുകയും ബ്രാഹ്മണ സഭയോടും അനുജിനോടും പുരുഷോത്തം മാപ്പ് പറയുകയും ചെയ്തു. എന്നാൽ ഗ്രാമസഭ കൂടി പുരുഷോത്തമിനെ കൊണ്ട് കാൽ കഴുകിക്കുകയായിരുന്നു. 5100 രൂപ പിഴ നൽകാനും ഉത്തരവിട്ടു.











