
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെയുടെ മുതിർന്ന നേതാവുമായിരുന്ന ഒ. പനീർസെൽവം ഡിഎംകെയിലേക്കെന്ന് റിപ്പോർട്ട്. ഒ. പനീർസെൽവം ഇന്ന് ഡിഎംകെയിൽ ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ചെന്നൈയിലെ ഹോട്ടലിൽ തുടരുന്ന ഒപിഎസ്, ഇന്നു രാവിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിലെത്തുമെന്നാണ് റിപ്പോർട്ട്. പാർട്ടി ആസ്ഥാനത്ത് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നേരിട്ട് പനീർസെൽവത്തെ സ്വീകരിക്കും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ ടിക്കറ്റിൽ പനീർസെൽവം മത്സരിക്കുമെന്നും റിപ്പോർട്ടുകളുമ്ട്.
എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനി സ്വാമിയെ നേരിടാൻ ഡിഎംകെയിൽ ചേരുകയാണ് ഉചിതമെന്ന് ഒപിഎസ് പറഞ്ഞെന്നാണ് അനുയായികൾ വ്യക്തമാക്കുന്നത്. തേനി ജില്ലയിലെ ഒന്നോ രണ്ടോ സീറ്റ് ഒപിഎസിനും അനുയായികൾക്കുമായി ഡിഎംകെ നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ഒ പനീർശെൽവം കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഡിഎംകെ സഖ്യം വീണ്ടും അധികാരത്തിൽ എത്തുമെന്നും എം കെ സ്റ്റാലിൻ മുഖ്യമന്ത്രിയായി തുടരുമെന്നും ഒ പനീർശെൽവം കഴിഞ്ഞയാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ബജറ്റ് ചർച്ചകൾക്കിടെ നിയമസഭയിൽ ഒപിഎസ് പക്ഷ എംഎൽഎയായ പി. അയ്യപ്പൻ സ്റ്റാലിനെ പ്രശംസിച്ചതും ശ്രദ്ധേയമായിരുന്നു.
പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം, അണ്ണാ ഡിഎംകെയിൽ തിരിച്ചെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു ഒപിഎസ്. എന്നാൽ എല്ലാ ശ്രമങ്ങൾക്കും എഐഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി തടയിട്ടു. ഇതിനിടെ സ്വന്തമായി പാർട്ടി പ്രഖ്യാപിയ്ക്കാനുള്ള നീക്കവും അതിനിടെ ഒപിഎസ് നടത്തി. എന്നാൽ അതുമുണ്ടായില്ല. ഇതോടെയാണ്, സുരക്ഷിത ഇടമെന്ന നിലയിൽ ഡിഎംകെയിലേയ്‌ക്കെത്താൻ ഒപിഎസ് തീരുമാനിച്ചതെന്നാണ് സൂചന. മൂന്ന് തവണ തമിഴ്നാട് മുഖ്യമന്ത്രി ആയ നേതാവാണ് ഒ പനീർസെൽവം.











