06:57pm 30 October 2026
NEWS
നിർമിത ബുദ്ധി കൊടുങ്കാറ്റിനെ പിടിച്ചുകെട്ടി എൻവിഡിയ; ആ​ഗോള വിപണികൾക്ക് ഉയിർത്തെഴുന്നേൽപ്പ്
20/11/2025  10:24 AM IST
nila
നിർമിത ബുദ്ധി കൊടുങ്കാറ്റിനെ പിടിച്ചുകെട്ടി എൻവിഡിയ; ആ​ഗോള വിപണികൾക്ക് ഉയിർത്തെഴുന്നേൽപ്പ്

എഐ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടുണ്ടായിരുന്ന ആശങ്കകൾക്ക് അവസാനമാകുന്നു. എൻവിഡിയ പുറത്തുവിട്ട മൂന്നാം പാദ പ്രവർത്തനഫലം ആഗോള വിപണികൾക്ക് പുതുജീവനേകി. നിരീക്ഷകരുടെ പ്രതീക്ഷയെ മറികടന്നാണ് എൻവിഡിയയുടെ വരുമാനം 57 ബില്യൺ ഡോളറായി ഉയർന്നത്. ലാഭവും ഇപിഎസും ഗണ്യമായി വളർന്നതോടെ കമ്പനിയുടെ ഓഹരി 5 ശതമാനത്തിലധികം കുതിച്ചു. മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ, മെറ്റ തുടങ്ങിയവയാണ് എഐ ചിപ് വാങ്ങുന്ന പ്രധാന ഉപഭോക്താക്കൾ എന്നതും വിപണിക്ക് ആത്മവിശ്വാസം നൽകി.

ഇതോടെ ലോകമാകെ വീശിയടിച്ച ‘നിർമിത ബുദ്ധി കൊടുങ്കാറ്റ്’ (എഐ ബബിൾ) താത്ക്കാലികമായി ശമിക്കുകയും ഓഹരി വിപണികളിലെല്ലാം ഉണർവ് രേഖപ്പെടുത്തുകയും ചെയ്തു. യുഎസിലെ പ്രധാന സൂചികകളായ എസ്‌ആൻഡ്‌പി500, നാസ്ഡാക്, ഡൗ ജോൺസ് എന്നിവയൊക്കെ നേട്ടത്തിലേക്കുയർന്നു. ഇതോടെ ഏഷ്യൻ വിപണികളിലേക്കും ആവേശം പടർന്നു. ഇന്ത്യയിൽ സെൻസെക്സ് 513 പോയിന്റും നിഫ്റ്റി 143 പോയിന്റും ഉയർന്നതോടെ ഇന്ന് വിപണി കൂടുതൽ ശക്തമായ തുടക്കം കുറിക്കാനാണ് സാധ്യത.

എൻവിഡിയയുടെ പ്രകടനത്തിന്റെ പ്രതിഫലനം ഏഷ്യൻ വിപണികളിലും വ്യക്തമായിരുന്നു. ടിഎസ്എംസി, സാംസങ്, എസ്‌ഹൈനിക്‌സ് തുടങ്ങിയ ചിപ് നിർമ്മാണ മേഖലയിലെ പ്രധാന ക‍മ്പനികളുടെ ഓഹരികൾ 4 ശതമാനത്തിലേറെയും ടോക്കിയോ ഇലക്ട്രോൺ, സോഫ്റ്റ്ബാങ്ക് പോലെയുള്ള കമ്പനികളുടെ ഓഹരികൾ 7 ശതമാനം വരെ കുതിച്ചുമറിയുകയായിരുന്നു. ഹോങ്കോംഗ്, ഷാങ്ഹായ്, ഓസ്ട്രേലിയയിലെ പ്രധാന സൂചികകളും നേട്ടം രേഖപ്പെടുത്തി.

ആഗോളതലത്തിൽ വിപണിക്ക് ആശ്വാസം നൽകിയ മറ്റൊരു ഘടകമായി ട്രംപ് ആരംഭിച്ചെന്നു പറയുന്ന റഷ്യ–ഉക്രെയ്ൻ സമാധാനനീക്കമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഗാസയിലുണ്ടായ വെടിനിർത്തൽ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് റഷ്യ–ഉക്രെയ്ൻ പ്രശ്നത്തിലും അമേരിക്ക ഇടപെടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്. ഇതിന്റെ സ്വാധീനത്തിൽ ക്രൂഡ് ഓയിൽ വിലയിൽ നേരിയ ഇടിവ് പ്രകടമായെങ്കിലും തുടർന്ന് വില ചെറിയ തോതിൽ തിരിച്ചുകയറി.

ഇതേസമയം, യുഎസിലെ തൊഴിൽവിവരങ്ങൾ പുറത്തുവിടാനുള്ള സാധ്യത മാർക്കറ്റിൽ ചെറിയ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. തൊഴിലില്ലായ്മ ആനുകൂല്യം തേടുന്നവരുടെ എണ്ണം വർധിച്ചെന്ന പ്രാഥമിക സൂചനകൾ വന്ന സാഹചര്യത്തിൽ ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറയ്ക്കുമോയെന്ന അനിശ്ചിതത്വവും നിലനിൽക്കുന്നു. ഇതാണ് സ്വർണവിലയിൽ വലിയ ചാഞ്ചാട്ടം സൃഷ്ടിച്ചത്.

ഇന്ത്യൻ വിപണിക്ക് ഇന്ന് അധിക കരുത്ത് നൽകുമെന്ന സൂചനകളാണ് ഗിഫ്റ്റ് നിഫ്റ്റി നൽകിയിരിക്കുന്നത്. ഇന്ത്യ–യുഎസ് വ്യാപാര കരാറിൽ പുരോഗതി ഉണ്ടായെന്ന വാർത്തയും രൂപയുടെ ശക്തമായ നിലപാടും വിപണിക്ക് പോസിറ്റീവ് സിഗ്നലുകളാണ്. എഫ്ഐഐ നിക്ഷേപങ്ങളിലെ വർധനയും വിപണിയിൽ ആത്മവിശ്വാസം പകരുന്നു.

കമ്പനിവാർത്തകളിൽ ഇൻഫോസിസ് 18,000 കോടിയുടെ ബൈബാക്ക് ആരംഭിച്ചതും ബിപിസിഎലിൽ എൽഐസിയുടെ ഓഹരിപങ്ക് കുറച്ചതും ശ്രദ്ധേയമാണ്. ഗ്രോ ഓഹരികൾ ലിസ്റ്റിങ്ങിന് ശേഷമുള്ള വളർച്ചയ്‌ക്ക് ശേഷം 10 ശതമാനം ഇടിഞ്ഞു. അദാനി പവറിന്റെ 2 ബില്യൺ ഡോളർ പദ്ധതിക്ക് ഉത്തരപ്രദേശ് സർക്കാർ ബ്രേക്ക് അടിച്ചതും വ്യവസായലോകത്തിൽ ചർച്ചയാകുന്നു. പ്രവർത്തനക്ഷമത വർധിപ്പിക്കാൻ റിലയൻസ് പവർ പുതിയ ബോർഡ് പുനഃസംഘടിപ്പിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img