07:19am 13 November 2026
NEWS
എൻവിഡിയയുടെ പുതിയ അമരക്കാരി കോളെറ്റ് ക്രെസ്; ആരാണ് ഈ വനിതാ സിഇഒ?
13/11/2026  06:34 AM IST
nila
എൻവിഡിയയുടെ പുതിയ അമരക്കാരി കോളെറ്റ് ക്രെസ്; ആരാണ് ഈ വനിതാ സിഇഒ?

വിവാദങ്ങൾക്കൊടുവിൽ ജെൻസൻ ഹുവാങ് പടിയിറങ്ങിയതോടെ ലോകത്തെ പ്രമുഖ ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയയുടെ തലപ്പത്തേക്ക് കോളെറ്റ് ക്രെസ്. കമ്പനിയുടെ ഇടക്കാല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായാണ് (സിഇഒ) നിലവിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) കൂടിയായ ക്രെസിനെ നിയമിച്ചത്. വ്യാഴാഴ്ചയാണ് എൻവിഡിയ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പുതിയ ചുമതലയേറ്റെടുക്കുമ്പോഴും കമ്പനിയുടെ സാമ്പത്തിക വിഭാഗത്തിന്റെ മേധാവി സ്ഥാനത്തും അവർ തുടരും.

ജെൻസൻ ഹുവാങ്ങിനെതിരെ ഉയർന്ന രണ്ട് വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് എൻവിഡിയയിൽ വലിയ പ്രതിസന്ധിക്ക് വഴിവച്ചത്. ചൈനീസ് ചാരവൃത്തിയുമായി ബന്ധമുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്ന ആലീസ് ഹുവാങുമായുള്ള ബന്ധത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും വിവാദം കൂടുതൽ ശക്തമാക്കി. ഇതിന് പിന്നാലെ എൻവിഡിയയുടെ ഓഹരിമൂല്യത്തിൽ വൻ ഇടിവുണ്ടായതായും റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്നാണ് സിഇഒ, ഡയറക്ടർ ബോർഡ് അംഗം എന്നീ പദവികളിൽനിന്ന് ജെൻസൻ രാജിവച്ചത്.

ആരാണ് കോളെറ്റ് ക്രെസ്?

എൻവിഡിയയുടെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഒരു പതിറ്റാണ്ടിലേറെയായി നേതൃത്വം നൽകുന്ന വ്യക്തിയാണ് കോളെറ്റ് ക്രെസ്. 2013 സെപ്റ്റംബറിലാണ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും ചീഫ് ഫിനാൻഷ്യൽ ഓഫീസറായും അവർ കമ്പനിയിൽ ചേരുന്നത്. അന്നുമുതൽ എൻവിഡിയയുടെ സാമ്പത്തിക തന്ത്രങ്ങളും നിക്ഷേപകരുമായുള്ള ആശയവിനിമയവും ഉൾപ്പെടെയുള്ള നിർണായക ചുമതലകൾ കൈകാര്യം ചെയ്യുന്നു.

ജെൻസൻ ഹുവാങ്ങിനൊപ്പം കമ്പനിയുടെ സാമ്പത്തിക പ്രകടനങ്ങളും ഭാവി പദ്ധതികളും മാധ്യമങ്ങൾക്കും നിക്ഷേപകർക്കും മുന്നിൽ അവതരിപ്പിച്ചിരുന്ന പ്രധാന വ്യക്തികളിലൊരാളാണ് ക്രെസ്. കമ്പനിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ സാമ്പത്തിക നേതൃത്വത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

എൻവിഡിയയിലെത്തുന്നതിന് മുമ്പ് പ്രമുഖ ആഗോള ടെക്നോളജി കമ്പനികളിൽ പ്രവർത്തിച്ച ദീർഘകാല പരിചയവും അവർക്കുണ്ട്. എട്ട് വർഷത്തോളം ടെക്സസ് ഇൻസ്ട്രുമെന്റ്സിൽ വിവിധ സാമ്പത്തിക ചുമതലകൾ വഹിച്ചു. 1997-ൽ മൈക്രോസോഫ്റ്റിൽ ചേർന്ന അവർ 2006-ൽ കമ്പനിയുടെ സെർവർ ആൻഡ് ടൂൾസ് വിഭാഗത്തിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി. സാമ്പത്തിക ആസൂത്രണം, തന്ത്രരൂപീകരണം, റിപ്പോർട്ടിങ് എന്നിവയായിരുന്നു പ്രധാന ഉത്തരവാദിത്തങ്ങൾ.

2010-ൽ സിസ്കോയിലെത്തിയ ക്രെസ്, ബിസിനസ് ടെക്നോളജി ആൻഡ് ഓപ്പറേഷൻസ് ഫിനാൻസ് വിഭാഗത്തിന്റെ സീനിയർ വൈസ് പ്രസിഡന്റും സിഎഫ്ഒയുമായി പ്രവർത്തിച്ചു. അവിടെനിന്നാണ് 2013-ൽ എൻവിഡിയയിലേക്ക് എത്തിയത്.

വിദ്യാഭ്യാസവും സമ്പത്തും

അരിസോണ സർവകലാശാലയിൽനിന്ന് ഫിനാൻസിൽ ബിരുദവും സതേൺ മെത്തഡിസ്റ്റ് സർവകലാശാലയിൽനിന്ന് എംബിഎയും നേടിയിട്ടുണ്ട് കോളെറ്റ് ക്രെസ്. സാമ്പത്തിക രംഗത്തെ ദീർഘകാല പ്രവർത്തനപരിചയവും ആഗോള ടെക്നോളജി കമ്പനികളിലെ നേതൃത്വപാടവവുമാണ് എൻവിഡിയയുടെ ഉന്നത സ്ഥാനത്തേക്ക് അവരെ എത്തിച്ചത്.

ഫോർബ്സിന്റെ 2026-ലെ അമേരിക്കയിലെ സ്വയം സമ്പാദ്യത്തിലൂടെ സമ്പന്നരായ വനിതകളുടെ പട്ടികയിൽ 32-ാം സ്ഥാനത്താണ് ക്രെസ്. എൻവിഡിയയിലെ അവരുടെ ഓഹരികളുടെ മൂല്യം ബുധനാഴ്ച വിപണി അവസാനിക്കുമ്പോൾ ഏകദേശം 75 കോടി ഡോളറായിരുന്നു. കഴിഞ്ഞ മാസം കമ്പനിയുടെ ഓഹരി വില റെക്കോർഡ് ഉയരത്തിലെത്തിയ സമയത്ത് ഈ നിക്ഷേപത്തിന്റെ മൂല്യം 100 കോടി ഡോളറിലധികമായിരുന്നു.

ജെൻസൻ ഹുവാങ്ങിന്റെ പടിയിറക്കത്തിന് പിന്നാലെ എൻവിഡിയയുടെ നേതൃത്വം ഏറ്റെടുക്കുന്ന ക്രെസിന് മുന്നിലുള്ളത് നിർണായകമായ ഉത്തരവാദിത്തങ്ങളാണ്. ലോകത്തെ ഏറ്റവും മൂല്യമേറിയ ടെക്നോളജി കമ്പനികളിലൊന്നിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം വിവാദങ്ങൾ സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്ന് കമ്പനിയെ കരകയറ്റുകയെന്നതും പുതിയ ഇടക്കാല സിഇഒയുടെ മുന്നിലെ പ്രധാന വെല്ലുവിളിയായിരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img