04:42pm 18 September 2026
NEWS
ഡയറ്ററ്റിക്സിന്‍റെ ഭാവി സാധ്യതകളെ പുനർനിർവചിച്ച് ന്യൂട്രിഷോർ 2026.വിപുലമായ ചർച്ചകളുമായി വി.പി.എസ് ലേക്‌ഷോറിൽ നടന്ന കോൺഫറൻസ്
04/07/2026  08:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡയറ്ററ്റിക്സിന്‍റെ ഭാവി സാധ്യതകളെ പുനർനിർവചിച്ച് ന്യൂട്രിഷോർ 2026.വിപുലമായ ചർച്ചകളുമായി വി.പി.എസ് ലേക്‌ഷോറിൽ നടന്ന കോൺഫറൻസ്
HIGHLIGHTS

വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിൽ സംഘടിപ്പിച്ച ന്യൂട്രിഷോർ 2026 കോൺഫറൻസ് മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: വ്യക്തി അധിഷ്ടിത ന്യൂട്രിഷൻ ഗവേഷണങ്ങൾ, ചികിത്സ രീതികൾ, സാങ്കേതിക വിദ്യകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിപുലമായ ചർച്ചകൾക്ക് വഴിതുറന്ന് ന്യൂട്രിഷോർ 2026 കോൺഫറൻസ്. ഡയറ്ററ്റിക്സിന്‍റെ ഭാവി സാധ്യതകളെ പുനർനിർവചിച്ചുകൊണ്ട് വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിൽ സംഘടിപ്പിക്കപ്പെട്ട കോൺഫറൻസിൽ വിദഗ്ധർ പങ്കെടുത്തു. 

മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മരുന്നുകളിലൂടെയും ശസ്ത്രക്രിയകളിലൂടെയും മാത്രമല്ല രോഗമുക്തി സാധ്യമാകുന്നതെന്നും മറ്റ് നിരവധി ഘടകങ്ങൾ അതുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ന്യൂട്രീഷൻ. പ്രത്യേക ന്യൂട്രിഷൻ പിന്തുണ ആവശ്യമായി വരുന്ന ആളുകളിൽ െചറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഉൾപ്പെടുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിലൊക്കെ ന്യൂട്രിഷനെന്നത് കേവലമൊരു സാധ്യത മാത്രമല്ല, മാറ്റനിർത്തപ്പെടാനാകാത്ത അനിവാര്യത കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. 

ന്യൂട്രിഷോർ 2026ന് നേതൃത്വം നൽകിയ വി.പി.എസ് ലേക്‌ഷോർ ചീഫ് ഡയറ്റീഷ്യൻ ഡോ. മഞ്ജു പി. ജോർജ് കോൺഫറൻസിൽ സ്വാഗതം പറഞ്ഞു. മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്ണോയ് അധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിജെനെറ്റിക്സ് സ്ഥാപക ഡയറക്ടർ ഡോ. ജനനി തമിൽവനൻ ന്യൂട്രിഷോർ പദ്ധതി വിശദീകരിച്ചു. രോഗങ്ങളെ പ്രതിരോധിക്കുക, പരമാവധി അകറ്റി നിർത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ന്യൂട്രിഷോർ കോൺഫറൻസ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് അവർ വ്യക്തമാക്കി. വ്യക്തിഗത ന്യൂട്രീഷൻ എന്ന നവീന ആശയം സജീവമായിക്കൊണ്ടിരിക്കുന്ന ഘട്ടമാണിത്. വ്യക്തി അധിഷ്ടിത ഭക്ഷണരീതിയെ ആധാരമാക്കി നിരവധി ഗവേഷണങ്ങളും പഠനങ്ങളും നടക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

ആരോഗ്യകരമായ ഭക്ഷണ ശൈലിയിലേക്ക് ജനങ്ങളെ ആകർഷിക്കുന്നതിന് ക്ലിനിക്കൽ ന്യൂട്രീഷന്മാർ അംബാസിഡർമാരായി പ്രവർത്തിക്കണമെന്ന് വി.പി.എസ് ലേക്‌ഷോര്‍ സി.ഇ.ഓ ജയേഷ് വി.നായർ പറഞ്ഞു. ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികൾ നമ്മുടെ അടുക്കളകളിൽ വരെ ഇടപെടുന്ന കാലമാണിത്. ആരോഗ്യകരമായ ജീവിത ശൈലിക്ക് പകരം പലപ്പോഴും ഫാസ്റ്റ് ഫുഡിന് പ്രാധാന്യം കൊടുക്കുന്ന പ്രവണത നമുക്കിടയിൽ വർധിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് അസുഖങ്ങളെ അകറ്റിനിർത്തുന്നതിന് ക്ലിനിക്കൽ ന്യൂട്രീഷൻസിന്‍റെ സേവനം കൂടുതൽ വിലപ്പെട്ടതാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ജീനോമിക്സിന്‍റെ അടിസ്ഥാനതത്വങ്ങൾ, ജീനുകളും പോഷകങ്ങളും തമ്മിലുള്ള ബന്ധം: ന്യൂട്രിജെനെറ്റിക്സിന്‍റെ ലോകം, ന്യൂട്രിജെനെറ്റിക്സ് റിപ്പോർട്ടുകളുടെ വ്യാഖ്യാനം, ആരോഗ്യ സംരക്ഷണത്തിൽ ഭക്ഷണത്തിലെ കൊഴുപ്പുകളുടെയും നാരുകളുടെയും പങ്ക് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു. വി.പി.എസ് ലേക്‌ഷോർ ഗ്രൂപ്പ് സി.ഒ.ഒ ലക്ഷ്മൺ സേതുരാമൻ, മിനിമലി ഇൻവേസിവ് സർജറി വിഭാഗം മേധാവി ഡോ. ആർ. പത്മകുമാർ, ഡോ. രണജിത് ദാസ്, ഡോ. സജീവ് നായർ, ദർഷിത് പട്ടേൽ, ഡോ. ജെബ കുമാരി സുധ, ദൃശ്യ എന്നിവർ സംസാരിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img