
ദോഹ:അന്താരാഷ്ട്ര നഴ്സസ്ദിനത്തോടനുബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച പ്രത്യേക ആഘോഷ പരിപാടികൾ പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദ് ഉദ്ഘാടനം ചെയ്തു. ഖത്തറിലെ ആരോഗ്യമേഖലയിൽ നഴ്സുമാർ നൽകുന്ന സതുല്യമായ സേവനങ്ങളെ ആദരിക്കുന്നതിനും അവരുടെ പ്രാധാന്യം സമൂഹത്തിന് മുന്നിൽ വിളിച്ചോതുന്നതിനുമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.ആഘോഷത്തിന്റെ ഭാഗമായി വിവിധ ആരോഗ്യ സ്ഥാപനങ്ങൾ ഒരുക്കിയ പ്രദർശന സ്റ്റാളുകൾ മന്ത്രി സന്ദർശിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ബിൻ ഖലീഫ അൽ സുലൈത്തി, മന്ത്രാലയത്തിലെ ഹെൽത്ത് കെയർ റെഗുലേറ്ററി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഗാനിം അലി അൽ മന്നായ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
നഴ്സിംഗ് മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുക, തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, ആഗോള ആരോഗ്യരംഗത്ത് നഴ്സുമാരുടെ പങ്ക് ഉയർത്തിക്കാട്ടുക എന്നിവയാണ് ഈ വർഷത്തെ ദിനാചരണം ലക്ഷ്യമിടുന്നത്. നഴ്സുമാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ലൈസൻസിംഗ് നടപടികൾ ലളിതമാക്കുന്നതിനും മന്ത്രാലയം നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നഴ്സുമാരുടെ ആത്മാർത്ഥതയും പ്രൊഫഷണലിസവുമാണ് ഖത്തറിലെ ആരോഗ്യരംഗത്തെ മികച്ച നിലവാരത്തിൽ എത്തിക്കുന്നതെന്ന് എച്ച്.എം.സി ചീഫ് നഴ്സിംഗ് ഓഫീസർ മറിയം അൽ മുതവ പറഞ്ഞു. നഴ്സിംഗ് മേഖലയിലെ നൂതനമായ മാറ്റങ്ങൾ രാജ്യത്തിന്റെ മെച്ചപ്പെട്ട ഭാവിക്ക് അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
ലോകമെമ്പാടും മെയ് 12 നഴ്സസ് ദിനമായി ആചരിക്കുമ്പോഴാണ് ഖത്തറിലും വിപുലമായ പരിപാടികളോടെ നഴ്സിംഗ് സമൂഹത്തെ രാജ്യം ആദരിച്ചത്.ഖത്തറിലെ മൊത്തം ആരോഗ്യപ്രവർത്തകരിൽ 48 ശതമാനത്തിലധികം നഴ്സുമാരാണ്.28,732 പേരാണ് നഴ്സുമാരായിസേവനം ചെയ്യുന്നത്.നമ്മുടെ നഴ്സുമാർ, നമ്മുടെ ഭാവി... ശാക്തീകരിക്കപ്പെട്ട നഴ്സുമാർ ജീവൻ രക്ഷിക്കുന്നു" എന്നതാണ് ഈ വർഷത്തെ സന്ദേശം.











