
ബ്രിട്ടനിൽ മലയാളി വിദ്യാർത്ഥിനി കാറിടിച്ചു മരിച്ച സംഭവത്തിൽ നഴ്സായ പ്രതിക്ക് ഒമ്പത് വർഷം തടവുശിക്ഷ. തിരുവനന്തപുരം തോന്നയ്ക്കൽ പട്ടത്തിൻകര അനിൽകുമാർ – ലാലി ദമ്പതികളുടെ മകളായ ആതിര അനിൽകുമാർ(25) മരിച്ച സംഭവത്തിലാണ് ലീഡ്സ് ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. പ്രതിയായ റോമീസ അഹമ്മദ് (27) അമിതവേഗതയിൽ കാറോടിച്ചതാണ് അപകടകാരണമെന്നാണ് കോടതി കണ്ടെത്തിയത്. അമിത വേഗതയിലാണ് കാറോടിച്ചതെന്നും അപകടകരമായ ഡ്രൈവിങിലൂടെ ഇരയെ ഗുരുതരമായി പരുക്കേൽപ്പിച്ചെന്നും റോമീസ കോടതിയിൽ കുറ്റ സമ്മതം നടത്തിയിരുന്നു.
ലീഡ്സ് ബെക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായിരുന്നു ആതിര. 2023 ഫെബ്രുവരി 22 ന് ലീഡ്സിൽ ബസ് കാത്തു നിൽക്കവെയാണ് ആതിര കാറടിച്ച് മരിച്ചത്. സംഭവം നടക്കുന്നതിന് ഒന്നരമാസം മുൻപ് മാത്രമാണ് ആതിര പഠനത്തിനായി ലീഡ്‌സിൽ എത്തിയത്. മസ്കറ്റിൽ ജോലി ചെയ്തിരുന്ന രാഹുൽ ശേഖർ ആണ് ആതിരയുടെ ഭർത്താവ്.
അപകടം നടന്ന ശേഷവും പ്രതിക്ക് വേഗത്തിൽ വാഹനം ഓടിച്ചതിന് രണ്ട് തവണ വിലക്ക് ഏർപ്പെടുത്തപ്പെട്ടിരുന്നതും കോടതി പരിഗണിച്ചു. ഇത് കൂടാതെ അപകടം ഉണ്ടായ സമയത്ത് പ്രതി സമൂഹ മാധ്യമമായ സ്നാപ് ചാറ്റ് ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. 40 മൈൽ വേഗ പരുധി ഉള്ള റോഡിൽ കാർ ഓടിച്ചിരുന്നത് 60 മൈൽ സ്പീഡിൽ ആയിരുന്നു. അപകടത്തിൽ 42 വയസ്സുകാരനായ മറ്റൊരാൾക്കും പരുക്കേറ്റിരുന്നു.











