08:00pm 20 October 2026
NEWS
സഹപ്രവർത്തകയായ നഴ്‌സിനെ കൊലപ്പെടുത്തി താലിമാല കവർന്നു; യുവാവ് അറസ്റ്റിൽ
20/10/2026  05:30 PM IST
nila
സഹപ്രവർത്തകയായ നഴ്‌സിനെ കൊലപ്പെടുത്തി താലിമാല കവർന്നു; യുവാവ് അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ സഹപ്രവർത്തകയായ നഴ്‌സിനെ കൊലപ്പെടുത്തി നാലു പവന്റെ താലിമാല കവർന്ന കേസിൽ 23കാരൻ അറസ്റ്റിൽ. ശരവണൻ എന്ന യുവാവിനെയാണ് ഈറോഡ് ജില്ലാ പൊലീസ് പിടികൂടിയത്. സംഭവത്തെത്തുടർന്ന് സംസ്ഥാനത്തെ ക്രമസമാധാനനിലയെച്ചൊല്ലി രാഷ്ട്രീയ വിവാദവും ശക്തമായി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ആരോപിച്ചു.

തിരുപ്പൂർ ജില്ലയിലെ പള്ളഗൗണ്ടംപാളയത്തുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തിരുന്ന രാമനാഥപുരം സ്വദേശിനി ഉത്തിര (26)യെ ഈ മാസം 15നാണ് കാണാതായത്. തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെ 17ന് പെരുന്തുറൈ വിജയമംഗലം ടോൾഗേറ്റിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതോടെ കൊലപാതകത്തിന് കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉത്തിരയുടെ സഹപ്രവർത്തകനായ ശരവണനിലേക്ക് അന്വേഷണം എത്തിയത്.

ആഭരണങ്ങൾ കവർച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെ യുവതിയെ ഇരുചക്രവാഹനത്തിൽ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം താലിമാല കവർന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മോഷ്ടിച്ച സ്വർണാഭരണങ്ങൾ കണ്ടെടുത്തതായും പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായും ഈറോഡ് ജില്ലാ പൊലീസ് അറിയിച്ചു.

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ വിജയ് പരാജയമെന്ന് സ്റ്റാലിൻ

കൊലപാതകം തമിഴ്‌നാട്ടിലെ ക്രമസമാധാനനിലയെക്കുറിച്ചുള്ള രാഷ്ട്രീയ തർക്കം വീണ്ടും സജീവമാക്കിയിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി വിജയ് പൂർണ പരാജയമാണെന്ന് എം.കെ. സ്റ്റാലിൻ വിമർശിച്ചു.

മുഖ്യമന്ത്രി പേരിന് മാത്രമാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്നതെന്നും മറ്റ് വകുപ്പുകളുടെ ചുമതലകൾ മന്ത്രിമാർക്ക് വീതിച്ചുനൽകിയതുപോലെ ആഭ്യന്തര വകുപ്പിന്റെ ചുമതലയും മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നും സ്റ്റാലിൻ ചോദിച്ചു.

സംസ്ഥാനത്ത് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന അക്രമസംഭവങ്ങളും കേന്ദ്ര ഏജൻസികൾ നടത്തുന്ന ലഹരിമരുന്ന് വേട്ടകളും ക്രമസമാധാനപാലനത്തിൽ മുഖ്യമന്ത്രിയുടെ ഗുരുതരമായ അനാസ്ഥയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വിജയ്‌യുടെ ലഹരിവിരുദ്ധ പ്രചാരണത്തെയും പരോക്ഷമായി വിമർശിച്ച സ്റ്റാലിൻ, മുഖ്യമന്ത്രിയുടെ അനാസ്ഥ കാരണം ജീവനുകൾ നഷ്ടപ്പെടുകയാണെന്ന് കുറ്റപ്പെടുത്തി. ‘ലഹരി ഉപേക്ഷിക്കൂ, കായികരംഗത്തേക്ക് വരൂ’ എന്ന് പ്രസംഗിക്കുന്ന മുഖ്യമന്ത്രി ആദ്യം വിശ്രമം ഉപേക്ഷിച്ച് ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണം നേരിട്ട് ഏറ്റെടുക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img