
ജയ്പുർ: പ്രമുഖ ഡോക്ടറെ ഭീഷണിപ്പെടുത്തി ഏകദേശം രണ്ട് കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ അറസ്റ്റിലായ നഴ്സ്, ഡോക്ടർക്കെതിരെ ഗുരുതര ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തി. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടുമുൻപ് റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് നഴ്സായ കമല ആരോപണങ്ങൾ ഉന്നയിച്ചത്. തനിക്കെതിരായ കേസ് വ്യാജമാണെന്നും, വർഷങ്ങളായി നൂറിലധികം സ്ത്രീകളെ ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും അവർ ആരോപിച്ചു. നിരവധി സ്ത്രീകൾ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നെങ്കിലും പണം നൽകി കേസുകൾ ഒതുക്കിയെന്നാണ് കമലയുടെ വാദം. ആശുപത്രിയിലെ രണ്ട് ജീവനക്കാർ ഡോക്ടർക്ക് സഹായം ചെയ്തിരുന്നുവെന്നും, തന്റെ കൈവശമുള്ള തെളിവുകൾ പുറത്തുവരാതിരിക്കാനാണ് ബ്ലാക്ക്മെയിൽ കേസ് കെട്ടിച്ചമച്ചതെന്നും അവർ പറഞ്ഞു.
2016 ഡിസംബർ മുതൽ തന്റെ സ്വകാര്യ ആശുപത്രിയിൽ നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന നഴ്സ്, വർഷങ്ങളായി തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് 65-കാരനായ ഡോക്ടറുടെ പരാതി. ചായ തയ്യാറാക്കാനെന്ന പേരിൽ സ്വകാര്യ മുറിയിൽ പ്രവേശിച്ച നഴ്സ്, ഡോക്ടറുടെ മൊബൈൽ ഫോണിലുണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങൾ സ്വന്തം ഫോണിലേക്ക് പകർത്തിയെന്നാണ് ആരോപണം.
ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും, വ്യാജ ബലാത്സംഗ കേസിൽ കുടുക്കുമെന്നും, കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയാണ് ശമ്പളത്തിന് പുറമെ ഏകദേശം രണ്ട് കോടി രൂപ കൈക്കലാക്കിയതെന്ന് ഡോക്ടർ ആരോപിക്കുന്നു. ഇതിൽ 35 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് നൽകിയതെന്നും, ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും സ്റ്റാംപ് പേപ്പറുകളും നഴ്സ് ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
കൂടാതെ, ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് തന്റെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നുവെന്നും, ലൊക്കേഷൻ നിരന്തരം അറിയാൻ പ്രത്യേക ഫോണും സിമ്മും നൽകി അത് എല്ലായ്പ്പോഴും ഓണാക്കി വയ്ക്കാൻ നിർബന്ധിച്ചിരുന്നുവെന്നും ഡോക്ടർ ആരോപിച്ചു.
ഡിജിറ്റൽ തെളിവുകളും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും പരിശോധിച്ച ശേഷമാണ് പൊലീസ് നഴ്സിനെ അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ചോദ്യം ചെയ്യലിൽ നഴ്സ് സഹകരിക്കുന്നില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പിൽ മുമ്പ് മത്സരിച്ച് നേരിയ വോട്ടുകൾക്ക് പരാജയപ്പെട്ട വ്യക്തിയാണ് അറസ്റ്റിലായ നഴ്സ്. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞാണ് താമസം. മുൻപ് ഭർത്താവിനെതിരെ സ്ത്രീധന പീഡനക്കേസും നൽകിയിരുന്നുവെന്ന് പൊലീസ് രേഖകൾ വ്യക്തമാക്കുന്നു.











