
കൊല്ലം: കുണ്ടറ താലൂക്ക് ആശുപത്രിയിൽ നഴ്സിനെയും സുരക്ഷാ ജീവനക്കാരനെയും മദ്യപസംഘം മർദിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പടപ്പക്കര സ്വദേശികളായ റെജിൻ (35), നിഖിൽദാസ് (32), അലൻ (32), സുനിൽ (32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. തലയ്ക്ക് പരുക്കേറ്റ സുഹൃത്തുമായി ആശുപത്രിയിലെത്തിയ സംഘമാണ് അത്യാഹിത വിഭാഗത്തിലെ നഴ്സ് ധന്യയെ ആക്രമിച്ചത്. നഴ്സിന്റെ കഴുത്തിൽ കുത്തിപ്പിടിക്കുകയും നടുവിന് ചവിട്ടി താഴെയിടുകയും ചെയ്തെന്നാണ് പരാതി. ആക്രമണം തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെയും സംഘം മർദിച്ചു. പരുക്കേറ്റ നഴ്സിനെയും സുരക്ഷാ ജീവനക്കാരനെയും തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക, കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കുക, ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ടുവച്ചത്. ആശുപത്രി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം.










