
കന്യാസ്ത്രീകളുടെ മോചനം ആവശ്യപ്പെട്ട് ചേർത്തലയിലെ സഭാ ആസ്ഥാനത്ത് കന്യാസ്ത്രീകൾ നടത്തിയ പ്രതിഷേധ റാലി
ചേര്‍ത്തല: ഛത്തിസ്ഗഢില്‍ മതപരിവര്‍ത്തനവും മനുഷ്യകടത്തും ആരോപിച്ച് അറസ്റ്റു ചെയ്ത കന്യാസ്ത്രീകളുടെ മോചനം ആവശ്യപെട്ട് ചേര്‍ത്തലയിലെ സഭാ ആസ്ഥാനത്ത് കന്യാസ്ത്രീകള്‍ പ്രതിഷേധ റാലി നടത്തി. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമാക്കുലേറ്റ് ആസ്ഥാനത്തു നിന്നും തുടങ്ങിയ റാലി എക്സറേ കവലയില്‍ സമാപിച്ചു. തുടർന്ന് പ്രതിഷേധ സമ്മേളനവും സേക്രട്ട് ഹാര്‍ട്ട് ചാപ്പലില്‍ മോചനത്തിനായി പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. കന്യാസ്ത്രീകളുടെ അറസ്റ്റിൽ തെളിഞ്ഞത് സംഘപരിവാര്‍ അജണ്ടയാണെന്നും ബജ്രംഗ്ദളുകരുടെ നിര്‍ദ്ദേശിച്ചതെല്ലാം നടപ്പാക്കുന്നനയമാണ് ഛത്തിസ്ഗഢിലെ സര്‍ക്കാര്‍ സ്വീകരിച്ചതെന്നും പ്രതിഷേധ സമ്മേളനത്തില്‍ മന്ത്രി പി. പ്രസാദ് പറഞ്ഞു. വേട്ടക്കാരോടൊപ്പം ഓടിക്കുകയും ഇരകള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന നയമാണ് വിഷയത്തില്‍ കേരളത്തിലെ ബി.ജെ.പി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എ.എം. ആരിഫ്, കെ.പി.സി.സി സെക്രട്ടറി എസ്.ശരത്, ഫാ. പോള്‍ തുണ്ടുപറമ്പില്‍, മദര്‍ ജനറല്‍ സിസ്റ്റര്‍ ഇസബെല്‍ ഫ്രാന്‍സിസ്, അസിസ്റ്റന്റ് മദര്‍ ജനറല്‍ സിസ്റ്റര്‍ റജീസ് മേരി,സിസ്റ്റര്‍ റോസ് ഫ്രാന്‍സീസ് എന്നിവർ പ്രസംഗിച്ചു.
Photo Courtesy - Google











