
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായി പിന്നീട് ജാമ്യം ലഭിച്ച മലയാളി കന്യാസ്ത്രീകൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ കാണാനെത്തി. ഡൽഹിയിലെത്തിയാണ് സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസും രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. ഡൽഹിയിലെ രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലാണ് കന്യാസ്ത്രീകൾ എത്തിയത്.
കന്യാസ്ത്രീകൾക്കെതിരെ ഛത്തീസ്ഗഢ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ മുമ്പോട്ടുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് ബിജെപി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.കേസിൽ നിലവിൽ ജാമ്യം മാത്രമാണ് കന്യാസ്ത്രീകൾക്ക് ലഭിച്ചിരിക്കുന്നത്. എഫ്ഐആർ അടക്കം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നിയമകാര്യങ്ങളുമായി മുമ്പോട്ടു പോകുമെന്നാണ് വിവരം. ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകൾക്കെതിരേ എഫ്ഐആറിൽ ചുമത്തിയിരിക്കുന്നത്. ഇതിൽ സഭയ്ക്കടക്കം ആശങ്ക ഉണ്ട്. ഈ സാഹചര്യത്തിലാണ് രാജീവ് ചന്ദ്രശേഖറുമായി കന്യാസ്ത്രീകൾ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കന്യാസ്ത്രീകൾക്കൊപ്പം രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.











